ഫൈനലില്‍ സഞ്ജു സെഞ്ച്വറിയടിക്കും; പ്രവചനവുമായി മുന്‍ ഇന്ത്യ താരം
Cricket
ഫൈനലില്‍ സഞ്ജു സെഞ്ച്വറിയടിക്കും; പ്രവചനവുമായി മുന്‍ ഇന്ത്യ താരം
ശ്രീരാഗ് പാറക്കല്‍
Saturday, 7th March 2026, 10:49 pm

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. നാളെ (മാര്‍ച്ച് 8) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍ ഒരു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണ്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടുമെന്നാണ് അശ്വിന്റെ പറഞ്ഞിരിക്കുന്നത്. നേരത്തെ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഫൈനലില്‍ സഞ്ജു സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറിനെതിരെ സഞ്ജു കളിച്ചത് പോലെ മാറ്റ് ഹെന്റിക്കും സഞ്ജു ഉത്തരം നല്‍കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘നേരത്തെ, സാംസണ്‍ മൂന്ന് സെഞ്ച്വറികള്‍ നേടി ലോകകപ്പ് പൂര്‍ത്തിയാക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആദ്യ മത്സരത്തില്‍ അദ്ദേഹം 97* റണ്‍സ് നേടി, അടുത്ത മത്സരത്തില്‍ 89 റണ്‍സ് നേടി. ഫൈനലില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടുമെന്ന് ഞാന്‍ കരുതുന്നു. ന്യൂസിലന്‍ഡിനെതിരെ സഞ്ജുവിന് നല്ലൊരു പരമ്പരയായിരുന്നില്ല.

ജോഫ്ര ആര്‍ച്ചറിനെതിരെ സഞ്ജു കളിച്ചത് പോലെ മാറ്റ് ഹെന്റിക്കും സഞ്ജു ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സഞ്ജുവിനെ തടയാന്‍ മറ്റാര്‍ക്കും സാധിക്കില്ല. ഒരു മികച്ച ഫിനിഷിങ്ങിനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്, സഞ്ജു അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ പുറത്താകാതെ നാല് സിക്സറും 12 ഫോറുമുള്‍പ്പെടെ 97* റണ്‍സാണ് താരം നേടിയത്.

മാത്രമല്ല സെമി ഫൈനലിലും സഞ്ജു വമ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Content Highlight: R Ashwin Says Sanju Samson Will Achieve Century In T20 World Cup 2026 Final Against New Zealand

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ