ഐ.പി.എല്‍ 2026ലെ ആദ്യ മൂന്ന് മത്സരത്തിലും പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റും പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിനും പരാജയപ്പെട്ട സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 43 റണ്‍സിനും തോല്‍വി വഴങ്ങി.

ഇപ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ ആര്‍. അശ്വിന്‍. ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവമാണ് സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായിരിക്കുന്നത് എന്നാണ് അശ്വിന്‍ വിലയിരുത്തുന്നത്.

ആര്‍. അശ്വിന്‍

ടീമിന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം ബ്രെവിസ് ആയിരുന്നുവെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു.

‘ഈ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നോക്ക്ഔട്ട് യോഗ്യതയുടെ വാതില്‍ക്കല്‍ ചെന്ന് മുട്ടുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. പക്ഷേ അതിലെ ഏറ്റവും വലിയ തിരിച്ചടി ഡെവാള്‍ഡ് ബ്രെവിസാണ്. ജയപരാജയങ്ങളിലെ ഏറ്റവും വലിയ വ്യത്യാസം അവനാണ്,’ അശ്വിന്‍ പറഞ്ഞു.

ഡെവാള്‍ഡ് ബ്രെവിസ്

സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ വെച്ച് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് ബ്രെവിസിന് മത്സരങ്ങള്‍ നഷ്ടമായത്.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റ ഗുര്‍ജപ്നീത് സിങ്ങിന് പകരക്കാരനായി ടീമിലെത്തിയ ബ്രെവിസ്, മധ്യനിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2025 സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 37.50 ശരാശരിയിലും 180 സ്‌ട്രൈക്ക് റേറ്റിലും 225 റണ്‍സ് താരം നേടിയിരുന്നു.

ഡെവാള്‍ഡ് ബ്രെവിസ്

ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2.2 കോടി രൂപയ്ക്കാണ് ബ്രെവിസിനെ സി.എസ്.കെ നിലനിര്‍ത്തിയത്.

ആദ്യ മൂന്ന് മത്സരത്തിലും പരാജയമേറ്റുവാങ്ങിയതോടെ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് റണ്‍ റേറ്റിലും വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്. -2.517 എന്ന നെറ്റ് റണ്‍റേറ്റാണ് ടീമിനുള്ളത്.

നിലവില്‍ ഒറ്റ പോയിന്റ് പോലും നേടാന്‍ സാധിക്കാത്ത ഏക ടീമും സൂപ്പര്‍ കിങ്‌സാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ ലഭിച്ച ഒരു പോയിന്റ് ടീമിന്റെ പേരിലുണ്ട്.

ഏപ്രില്‍ 11നാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

Content highlight: R Ashwin says Dewald Brevis’ absence is setback to Chennai Super Kings