ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഇതിഹാസം ആര്‍ അശ്വിന്‍. വിരാടിനെ താന്‍ അഭിന്ദിക്കുന്നുവെന്നും മികച്ച പ്രകടനം നടത്തുന്നതില്‍ വിരാട് മുന്നോട്ട് തന്നെയാണെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല വിരാടിന് ഇനി ഒന്നും തെളിയിക്കാനില്ലെന്നും താരം തന്നോട് മാത്രമാണ് മത്സരിക്കുന്നുള്ളൂ എന്നും വിരാട് പറഞ്ഞു.
‘വിരാട് കോഹ്‌ലിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇതിനകം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ മികച്ച പ്രകടനം നടത്തുന്നതില്‍ വിരാട് മുന്നോട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ ആവേശത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയും. അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ല.
വിരാട് കോഹ്‌ലി – Photo: Bcci
അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ആധിപത്യത്തെ നിഷേധിക്കാനാവില്ല. കളിക്കുമ്പോഴെല്ലാം അദ്ദേഹം ബാര്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹം തന്നോട് മാത്രമേ മത്സരിക്കുന്നുള്ളൂ, യുവതലമുറയ്ക്ക് അത് പഠിക്കാന്‍ കഴിയും,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി 93, 23, 124 എന്നിങ്ങനെയാണ് വിരാട് സ്‌കോര്‍ ചെയ്തത്. സീരീസ് ഡിസൈഡറില്‍ 108 പന്തില്‍ നിന്നാണ് വിരാട് 124 റണ്‍സ് അടിച്ചെടുത്തത്. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളിലായാലും വിരാട് തന്റെ റെക്കോഡ് പ്രകടനവുമായി മുന്നോട്ട് നീങ്ങുകയാണ്. മാത്രമല്ല നിലവില്‍ ഐ.സി.സിയുടെ ഒന്നാം നമ്പര്‍ ഏകദിന ബാറ്ററാണ് വിരാട്. 785 പോയിന്റുമായാണ് കിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2021ന് ശേഷം ഇതാദ്യമായാണ് താരം വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന രോഹിത് ശര്‍മയെ പിന്നിലേക്ക് തള്ളിയിട്ടാണ് വിരാട് റാങ്കിങ്ങില്‍ ഉയര്‍ന്നത്.