2016ല്‍ അദ്ദേഹം ചെയ്തത് തീര്‍ച്ചയായും ആവര്‍ത്തിക്കാന്‍ സാധിക്കും; പ്രശംസയുമായി അശ്വിന്‍
Cricket
2016ല്‍ അദ്ദേഹം ചെയ്തത് തീര്‍ച്ചയായും ആവര്‍ത്തിക്കാന്‍ സാധിക്കും; പ്രശംസയുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Friday, 20th March 2026, 9:19 pm

2016 ഐ.പി.എല്ലിലേത് പോലെ ആര്‍.സി.ബിക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കാന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. വിരാട് നിരവധി ടൂര്‍ണമെന്റ് നേടിയിട്ടുണ്ടെന്നും ഇനി ഏകദിന ലോകകപ്പ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 2016ലെ ഐ.പി.എല്ലിലേത് പോലെ വിരാടിന് ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും വിരാടിന് തീര്‍ച്ചയായും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നും അശ്വിന്‍ എടുത്തു പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിരാട് കോഹ്‌ലി പൂര്‍ണമായും സമാധാനത്തിലും സന്തോഷത്തിലുമാണ്. അദ്ദേഹം നിരവധി ടൂര്‍ണമെന്റുകള്‍ നേടിയിട്ടുണ്ട്, ഇപ്പോള്‍ ഐ.പി.എല്ലും നേടിയിട്ടുണ്ട്. ഒരു 50 ഓവര്‍ ലോകകപ്പ് കൂടി നേടിയ ശേഷം മാത്രമേ അദ്ദേഹത്തിന് മടങ്ങേണ്ടതുള്ളൂ. അദ്ദേഹത്തിന് ഇപ്പോള്‍ സ്വതന്ത്രമായി കളിക്കാന്‍ കഴിയും.

തുറന്ന മനസോടെയാണ് അദ്ദേഹം വന്നതെങ്കില്‍, അദ്ദേഹത്തിന് 2016ലെ ഐ.പി.എല്‍ പോലെ ബാറ്റ് ചെയ്യാന്‍ കഴിയും. പ്രായം ഒരു ഘടകമാണെങ്കിലും അദ്ദേഹത്തിന് തീര്‍ച്ചയായും അത് ആവര്‍ത്തിക്കാന്‍ കഴിയും. ‘ബോസ്, ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു’ എന്ന് അദ്ദേഹം പറഞ്ഞാല്‍. 170 എന്ന സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 300 റണ്‍സ് നേടിയാലും, ആര്‍.സി.ബിക്ക് വേണ്ടി അദ്ദേഹം ചെയ്യാനുള്ളത് ചെയ്തു എന്ന് തന്നെയാണ്,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.വിരാട് കോഹ്‌ലി

2016ലെ ഐ.പി.എല്ലില്‍ ആര്‍.സി.ബിയുടെ ക്യാപ്റ്റനായിരുന്ന വിരാട് 973 റണ്‍സ് നേടിയിരുന്നു. ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം വിരാടിന്റെ പേരിലാണ്. സീസണില്‍ 81.08 ശരാശരിയിലും 152.03 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു കോഹ്‌ലിയുടെ റണ്‍സ് വേട്ട.

സീസണില്‍ നാല് സെഞ്ച്വറികള്‍ നേടിയ വിരാട് ആര്‍.സി.ബിയെ ഫൈനലിലെത്തിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം 2025ല്‍ ആര്‍.സി.ബി കിരീടം നേടിയപ്പോള്‍ 54.75 ശരാശരിയിലും 144.71 സ്‌ട്രൈക്ക് റേറ്റിലും വിരാട് 657 റണ്‍സ് നേടി.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: R Ashwin Praises Virat Kohli

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ