അവന്‍ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടുന്നില്ല, അടിച്ച് പൊളിക്കുകയാണ്; സര്‍ഫറാസിന് പ്രശംസയുമായി അശ്വിന്‍
ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനെ പ്രശംസിച്ച് ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലേയും മിന്നും പ്രകടനത്തിനാണ് സര്‍ഫറാസിനെ അശ്വിന്‍ പ്രശംസിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് (ഡിസംബര്‍ 31) നടന്ന മത്സരത്തില്‍ സെഞ്ച്വറിയടിച്ചതിന് പിന്നാലെയാണ് സര്‍ഫറാസിനെ അശ്വിന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പ്രശംസിച്ചത്.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതില്‍ മുട്ടുന്നില്ലെന്നും അത് അടിച്ച് പൊളിച്ച് തുറക്കുകയാണെന്നും അദ്ദേഹം അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ 2026ലെ ഐ.പി.എല്ലില്‍ സി.എസ്.കെ സ്വന്തമാക്കിയ സര്‍ഫറാസ് ടീമിന്റെ പ്ലെയിങ് ഇലവനിലെത്തിയാല്‍ മിന്നും പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഫറാസ് ഖാന്‍ വിജയ് ഹസാര ട്രോഫിയില്‍ സെഞ്ച്വറിയടിച്ചപ്പോള്‍- Photo: johns/x.com
‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 100*(47), 52(40), 64(25), 73(22).
വിജയ് ഹസാരെയില്‍ 55(49) റണ്‍സ് നേടിയതിന് പിന്നാലെ ഇന്ന് 14 സിക്‌സറുകള്‍ ഉള്‍പ്പെടെ 157(75) റണ്‍സും നേടി. സ്ലോഗ് സ്വീപ്പ് ഷോര്‍ട്ടുകള്‍ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ അദ്ദേഹം സ്പിന്നിനെ എങ്ങനെ കൊല്ലുന്നു എന്നത് ശ്രദ്ധേയമാണ്.
അവന്‍ വാതിലില്‍ മുട്ടുന്നില്ല, അവന്‍ അത് അടിച്ച് പൊളിച്ച് തുറക്കുകയാണ്. സി.എസ്.കെ അദ്ദേഹത്തെ പ്ലെയിങ് ഇറക്കണം, ഈ സീസണില്‍ സി.എസ്.കെയ്ക്ക് ഒരു പാട് ബാറ്റര്‍മാരുണ്ട്, 2026ലെ ഐ.പി.എല്ലിനായി എനിക്ക് കാത്തിരിക്കാന്‍ കഴിയുന്നില്ല,’ അശ്വിന്‍ എകസ്‌സില്‍ എഴുതി.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് സര്‍ഫറാസ് അരങ്ങേറ്റം നടത്തിയത്. ഫോര്‍മാറ്റിലെ 13 ഇന്നിങ്‌സില്‍ നിന്ന് 150 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 371 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്ലില്‍ നിന്നായി 37 ഇന്നിങ്‌സില്‍ നിന്ന് 585 റണ്‍സാണ് സര്‍ഫറാസ് നേടിയത്.
2026ലെ ഐ.പി.എല്‍ മിനി താരലേലത്തിലെ ആദ്യ ഘട്ടത്തില്‍ സര്‍ഫറാസിനെ ഒരു താരങ്ങളും വിളിച്ചെടുത്തിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചെന്നൈ 30 ലക്ഷം രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു.
Content Highlight: R. Ashwin Praises Indian Batter Sarfaraz Khan