വൈഭവിനോ കോഹ്‌ലിക്കോ അല്ല അര്‍ഹത; വമ്പന്‍ തെരഞ്ഞെടുപ്പുമായി അശ്വിന്‍
Cricket
വൈഭവിനോ കോഹ്‌ലിക്കോ അല്ല അര്‍ഹത; വമ്പന്‍ തെരഞ്ഞെടുപ്പുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Monday, 1st June 2026, 10:53 am

ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ സൂപ്പര്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ടൂര്‍ണമെന്റില്‍ ഉടനീളം ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും തന്റെ അഭിപ്രായത്തില്‍ ഭുവനേശ്വര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, പ്ലെയര്‍ ഓഫ് ദി മാച്ച് എന്നീ അവാര്‍ഡുകള്‍ക്ക് അര്‍ഹനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ടൂര്‍ണമെന്റിലുടനീളം ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എനിക്ക് അദ്ദേഹം ടൂര്‍ണമെന്റിലെയും മത്സരത്തിലെയും താരമാകേണ്ടതായിരുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഫൈനലില്‍ നാല് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 7.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ (12), ജേസണ്‍ ഹോള്‍ഡര്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല സീസണില്‍ 16 മത്സരങ്ങലില്‍ നിന്ന് 28 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റവിക്കറ്റ് നഷ്ടത്തിന് ഭുവിക്ക് പര്‍പ്പിള്‍ ക്യാപ് നഷ്ടമായി. ഗുജറാത്തിന്റെ കഗീസോ റബാദ 29 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറിമികവിലാണ് ബെംഗളൂരു വിജയത്തിലെത്തിയത്.

അതേസമയം ടൂര്‍ണമെന്റിലെ താരമായത് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം വൈഭവ് സൂര്യവംശിയായിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സ് നേടി ഒട്ടനവധി റെക്കോഡുകളാണ് 15കാരനായ വൈഭവ് നേടിയത്. മത്സരത്തിലെ താരം വിരാട് കോഹ്‌ലിയായിരുന്നു. 42 പന്തില്‍ 75 റണ്‍സ് നേടി പുറത്താകാതെയാണ് വിരാട് ടീമിനെ കിരീടത്തിലെത്തിച്ചത്.

Content Highlight: R Ashwin Praises Bhuvaneshwar kumar For Best Performance

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ