ലോകോത്തര ബൗളര്‍ ഉണ്ടായിട്ടും മോശം തന്നെ പരാഗേ; രൂക്ഷ വിമര്‍ശനവുമായി അശ്വിന്‍
Cricket
ലോകോത്തര ബൗളര്‍ ഉണ്ടായിട്ടും മോശം തന്നെ പരാഗേ; രൂക്ഷ വിമര്‍ശനവുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Monday, 20th April 2026, 2:09 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ലോകോത്തര ഇടം കയ്യന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് ഒരു ഘട്ടത്തില്‍ ഓവര്‍ നല്‍കാത്തതിനെ അശ്വിന്‍ എടുത്തുപറഞ്ഞു. കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയ റിങ്കു സിങ് ജഡേജയെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും റിങ്കു വിക്കറ്റിന്റെ വക്കിലെത്തിയെന്നും അശ്വന്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് ഒരു ലോകോത്തര ഇടം കയ്യന്‍ ബൗളറുണ്ട്. ഡാറ്റകള്‍ പല കാര്യങ്ങളും സംസാരിക്കുമെങ്കിലും 9-11 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങുകയുള്ളൂ, മൂന്ന് ഓവറില്‍ അദ്ദേഹം ഒരു വിക്കറ്റും നേടി. റിങ്കു അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. റിങ്കു പുറത്താകുന്നതിന്റെ വക്കിലായിരുന്നു. പക്ഷെ നിങ്ങള്‍ ചിന്തിച്ചത് ‘ഞാന്‍ ഒരു ഓഫ് സ്പിന്നര്‍ ആണല്ലോ എനിക്ക് ആ രണ്ട് ഇടം കയ്യന്‍മാരെയും സമ്മര്‍ദത്തിലാക്കാന്‍ കഴിയുമല്ലോ’ എന്നാണ്.

മാത്രമല്ല ജഡ്ഡുവിന് അതിന് കഴിയില്ലെന്നും രവി ബിഷണോയ്ക്ക് അതിന് കഴിയുമെന്നും നിങ്ങള്‍ കരുതി. നിങ്ങളുടെ മൈന്‍ഡ് സെറ്റിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ജഡ്ഡു പന്തെറിയുകയും ബാറ്റര്‍മാര്‍ രണ്ട് സിക്സറുകള്‍ അടിക്കുകയും ചെയ്‌തേക്കാം. പക്ഷേ അദ്ദേഹത്തിന് ബൗള്‍ നല്‍കാതിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ബൗളിങ് യൂണിറ്റില്‍ വിശ്വാസം പ്രകടിപ്പിക്കുന്നില്ല എന്നാണ് അര്‍ത്ഥം,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു കൊല്‍ക്കത്ത.

രാജസ്ഥാന് വേണ്ടി മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയായിരുന്നു. എറിഞ്ഞ മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരത്തിന് നാലാമത് ഒരു ഓവര്‍ ലിഭിച്ചിരുന്നില്ല. 2.67 എന്ന കിടിലന്‍ എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഒരു ഓവര്‍ എറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും നേടാതെ 10 റണ്‍സ് വഴങ്ങേണ്ടി വന്നിരുന്നു. ബിഷ്‌ണോയ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

 

Content Highlight: R Ashwin Criticize Riyan Parag’s Captaincy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ