തന്ത്രങ്ങളെല്ലാം പിഴച്ചു, വാഷിങ്ടണ്‍ സുന്ദറിന്റെ കാര്യത്തിലും തെറ്റു പറ്റി; വിമര്‍ശിച്ച് അശ്വിന്‍
Cricket
തന്ത്രങ്ങളെല്ലാം പിഴച്ചു, വാഷിങ്ടണ്‍ സുന്ദറിന്റെ കാര്യത്തിലും തെറ്റു പറ്റി; വിമര്‍ശിച്ച് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 24th February 2026, 4:00 pm

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്താവുകയായിരുന്നു.

തോല്‍വിക്ക് പിറകെ ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ പിഴച്ചെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുമ്പോള്‍ താരത്തെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഉപയോഗിക്കണമായിരുന്നുവെന്ന് അശ്വിന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ അശ്വിന്‍ പ്രശംസിക്കുകയും ചെയ്തു. മാത്രമല്ല വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിക്കണമെന്നും സമ്മര്‍ദം കൈകാര്യം ചെയ്യണമെന്നും അശ്വിന്‍ പറഞ്ഞു.

‘സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഞങ്ങളുടെ തന്ത്രങ്ങളെല്ലാം പിഴച്ചു. വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുമ്പോള്‍ അവനെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഉപയോഗിക്കണമായിരുന്നു,

നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളര്‍ (ജസ്പ്രീത് ബുംറ) നിങ്ങളുടെ കൈവശമുണ്ടെങ്കില്‍, ഇതിനേക്കാള്‍ വലിയ എന്ത് ചീറ്റ് കോഡ് വേണം?

നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് എനിക്ക് വലിയ വിഷമമില്ല. അടുത്ത രണ്ട് കളികളില്‍ രണ്ടെണ്ണം നമ്മള്‍ ജയിക്കണം. നമ്മള്‍ സാഹചര്യങ്ങളെ അല്‍പം ശ്രദ്ധിക്കണം. കുറച്ച് സമയമെടുത്ത് ബാറ്റ് ചെയ്യണം.

ഈ ടീം ഒരു യുവ ടീമാണ്, താരങ്ങള്‍ സമ്മര്‍ദം നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഹാര്‍ദിക്കും റിങ്കുവും ഉണ്ട്. പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കണം. റണ്‍സ് നേടാന്‍ തിടുക്കപ്പെടേണ്ട ആവശ്യമില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിക്കേണ്ടതുണ്ട്. മാത്രമല്ല ഗ്രൂപ്പ് ഒന്നില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ ഒന്നാം സ്ഥാനത്തെത്തിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

 

Content Highlight: R. Ashwin Criticize Indian Cricket Team Tactics Against South Africa In Super 8

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ