പ്രോട്ടിയാസ് ഇതിഹാസങ്ങള്‍ക്കൊപ്പമെത്താന്‍ ഡി കോക്ക്; സെഞ്ച്വറിയില്‍ പിറന്നത് കിടിലം റെക്കോഡ്
Sports News
പ്രോട്ടിയാസ് ഇതിഹാസങ്ങള്‍ക്കൊപ്പമെത്താന്‍ ഡി കോക്ക്; സെഞ്ച്വറിയില്‍ പിറന്നത് കിടിലം റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th November 2025, 9:14 am

കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി വിജയം സ്വന്താക്കുകയായിരുന്നു.

മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ക്വിന്റണ്‍ ഡി കോക്ക് 119 പന്തില്‍ പുറത്താവാതെ 123 റണ്‍സ് നേടി വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരിട്ട 96ാം പന്തിലാണ് താരം സെഞ്ച്വറി നേടിയത്. നേരത്തെ, പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. വിരമിക്കല്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ രണ്ടാം മത്സരത്തിലാണ് താരം സൂപ്പര്‍ ബാറ്റിങ് പുറത്തെടുത്തത്.

ഏകദിനത്തില്‍ തന്റെ 22ാം സെഞ്ച്വറിയാണ് ഡി കോക്ക് കുറിച്ചത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ഡി കോക്കിന് സാധിച്ചത്.

സൗത്ത് ആഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം, എണ്ണം

ഹാഷിം അംല – 27

എ.ബി. ഡിവില്ലിയേഴ്‌സ് – 25

ക്വിന്റണ്‍ ഡി കോക്ക് – 22*

പ്രോട്ടിയാസിനായി ഡി കോക്കിന് പുറമെ ടോണി ഡി സോര്‍സിയും തിളങ്ങി. താരം 63 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 76 റണ്‍സാണ് എടുത്തത്. കൂടാതെ 40 പന്തില്‍ 46 റണ്‍സുമായി ഓപ്പണര്‍ ലുവന്‍-ഡ്രെ പ്രെട്ടോറിയസ് മികവ് പുലര്‍ത്തി. പാകിസ്ഥാനായി മുഹമ്മദ് വസീം ജൂനിയറും ഫഹീം അഷ്‌റഫും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്ഥാനായി ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, സയീം അയ്യൂബ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ആഘ 106 പന്തില്‍ 69 റണ്‍സ് എടുത്തപ്പോള്‍ നവാസ് 59 പന്തില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു. സയീം അയ്യൂബ് 66 പന്തില്‍ 53 റണ്‍സും ചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്കായി നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റുമായി തിളങ്ങി. എന്‍കാബ പീറ്റര്‍ മൂന്ന് വിക്കറ്റും കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlight: Quinton De Kock In Great Record Achievement For South Africa