സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമായി കാണരുത്; കലാപമുയര്‍ത്തി രണ്ടത്താണി
Kerala
സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമായി കാണരുത്; കലാപമുയര്‍ത്തി രണ്ടത്താണി
നിഷാന. വി.വി
Wednesday, 18th March 2026, 7:02 am

മലപ്പുറം: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്‌മന്‍ രണ്ടത്താണി.

താന്‍ വിമര്‍ശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുതെന്നും മിമ്പറില്‍ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം.

യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസല്‍ ബാബു ടി.പി.അഷ്‌റഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായത് അഭിമാനകരം തന്നെയെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം.എല്‍.എ യാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ.എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കിയ തീരുമാനവും ഉചിതം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പക്ഷെ എ.കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യു.എ ബീരാന്‍ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്,’ അദ്ദേഹം പറഞ്ഞു.

പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രണ്ടത്താണിയുടെ പരാമര്‍ശം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ രണ്ടത്താണി പങ്കുവെച്ച മറ്റൊരു പോസ്റ്റ് വിവാദമായിരുന്നു.

‘മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാന്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കുറിപ്പ് പുറത്തുവന്നത്. ഇത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തിയായി ആളുകള്‍ വ്യാഖ്യാനിച്ചു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ കുറിപ്പ് എഴുതിയത്.

‘മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാന്‍.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇന്നത്തെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഈ ഗണത്തില്‍പെട്ടതാണ്. ദേശീയതലത്തില്‍ യൂത്ത് ലീഗിനും എം.എസ്.എഫിനും വിലാസമുണ്ടാക്കിക്കൊടുത്ത യുവജന, വിദ്യാര്‍ഥി നേതാക്കളും പ്രഗത്ഭരായ വനിതാ നേതാക്കളും തൊഴിലാളി വര്‍ഗത്തിന്റെ അവകാശസമര പോരാട്ടത്തിലെ നായകന്മാരും തുടങ്ങി ഒട്ടേറെ പ്രതിഭാശാലികള്‍ ഇത്തവണ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ച മാതൃക സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതാണ് ലീഗിന്റെ സവിശേഷത. വിജയത്തിലും അത് പ്രതിഫലിക്കും,’ എന്നായിരുന്നു പിന്നാലെ വന്ന പോസ്റ്റ.് ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമര്‍ശവുമായി രണ്ടത്താണി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Questioning the nomination of a recently emerged candidate should not be seen as a breach of discipline; Two people were arrested for inciting riots

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.