ഇന്ത്യയുടെ ദേശീയഭാഷയെന്ത്? 'നാനാത്വത്തിൽ ഏകത്വം' സ്‌പെയിനിൽ നടന്ന ജനസമ്പര്‍ക്ക പരിപാടിയിൽ ഡി.എം.കെ എം.പി കനിമൊഴിയുടെ മറുപടി വൈറൽ
national news
ഇന്ത്യയുടെ ദേശീയഭാഷയെന്ത്? 'നാനാത്വത്തിൽ ഏകത്വം' സ്‌പെയിനിൽ നടന്ന ജനസമ്പര്‍ക്ക പരിപാടിയിൽ ഡി.എം.കെ എം.പി കനിമൊഴിയുടെ മറുപടി വൈറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2025, 10:53 am

ന്യൂദൽഹി: ഇന്ത്യയുടെ ദേശീയ ഭാഷയെന്തെന്ന ചോദ്യത്തിന് നാനാത്വത്തിൽ ഏകത്വമെന്ന് ഉത്തരവുമായി ഡി.എം.കെ എം.പി കനിമൊഴി കരുണാനിധി. ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സ്പെയിനിലെത്തിയപ്പോഴായിരുന്നു കനിമൊഴിയുടെ മറുപടി. കനിമൊഴിയുടെ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

രാഷ്ട്രഭാഷ, ഹിന്ദി എന്നീ വിഷയങ്ങളെപ്പറ്റി മാഡ്രിഡിലെ ഒരു ഇന്ത്യൻ പ്രവാസിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തമിഴ്‌നാട് എം.പി. ഇന്ത്യയുടെ രാഷ്ട്രഭാഷ നാനാത്വത്തിൽ ഏകത്വം എന്നത് മാത്രമാണെന്നും, അതാണ് ഈ സംഘം ലോകത്തിന് മുമ്പാകെ വെക്കുന്ന സന്ദേശമെന്നും കനിമൊഴി മറുപടി നൽകി.

‘ഇന്ത്യയുടെ ദേശീയ ഭാഷ ഐക്യവും വൈവിധ്യവുമാണ്. ഈ പ്രതിനിധി സംഘം ലോകത്തിന് നൽകുന്ന സന്ദേശം അതാണ്. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതാണ്,’ കനിമൊഴി പറഞ്ഞു.

തമിഴ്‌നാട് സർക്കാരും കേന്ദ്രവും തമ്മിൽ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി) ത്രിഭാഷാ ഫോർമുലയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യവും കനിമൊഴിയുടെ ഉത്തരവും പുറത്ത് വരുന്നത്.

പരിപാടിയിൽ രാജ്യത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്കിനെയും കനിമൊഴി അഭിനന്ദിച്ചു. ‘ സമാധാനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിലപാടുകൾ എത്തരത്തിലായിരുന്നുവെന്ന് പ്രവാസികൾക്ക് ലോകത്തിനോട് എളുപ്പം പറയാൻ സാധിക്കും. നമ്മുടെ സ്വാതന്ത്ര്യ സമരം പോലും അഹിംസയിൽ ഊന്നിയുള്ളതായിരുന്നു. നിങ്ങൾക്ക് ആളുകളെ സ്വാധീനിക്കാനാകും,’ കനിമൊഴി പറഞ്ഞു.

കൂടാതെ യുദ്ധം തികച്ചും അനാവശ്യമാണെന്നും ഭീകരവാദത്തെ നേരിടേണ്ടതുണ്ടെന്നും കനിമൊഴി വ്യക്തമാക്കി. ‘നമ്മുടെ രാജ്യത്ത് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മൾ തീവ്രവാദത്തെ നേരിടേണ്ടതുണ്ട്, യുദ്ധം തികച്ചും അനാവശ്യമാണ്,’ അവർ പറഞ്ഞു. ഇന്ത്യ സുരക്ഷിതമായ സ്ഥലമാണെന്നും കശ്മീർ സുരക്ഷിതമാണെന്ന് സർക്കാർ ഉറപ്പാക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.

കനിമൊഴി നയിക്കുന്ന സംഘത്തിന്റെ അഞ്ച് രാജ്യ സന്ദർശനത്തിന്റെ അവസാന രാജ്യമാണ് സ്പെയിൻ. സ്പെയിൻ സന്ദർശനത്തിന് ശേഷം അവർ ഇന്ത്യയിലേക്ക് മടങ്ങും. സമാജ്‌വാദി പാർട്ടി എം.പി രാജീവ് കുമാർ റായ്, ബി.ജെ.പിയുടെ ബ്രിജേഷ് ചൗട്ട, എ.എ.പിയുടെ അശോക് മിത്തൽ, ആർ.ജെ..ഡിയുടെ പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്രജ്ഞൻ മഞ്ജീവ് സിങ് പുരി എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.

Content Highlight: Question about India’s national language; DMK MP Kanimozhi answers with unity in diversity