വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 400 മില്യണ്‍ ഡോളറിന്റെ ആഡംബര ജെറ്റ് സമ്മാനിക്കാനൊരുങ്ങി ഖത്തര്‍ രാജകുടുംബം. ബോയിങ് 747-8 എന്ന വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിക്കുക. ഒരു യു.എസ് സര്‍ക്കാരിന് ലഭിച്ച ഏറ്റവും മൂല്യം കൂടിയ സമ്മാനമാണിത്. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ-നയതന്ത്ര വിവാദങ്ങള്‍ക്കും യു.എസില്‍ വഴി തെളിച്ചിട്ടുണ്ട്.
യു.എസ് ഭരണഘടന പ്രകാരം സര്‍ക്കാരിന് ഇത്തരത്തിലൊരു സമ്മാനം വിദേശസര്‍ക്കാരില്‍ നിന്ന് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കൈക്കൂലിയാണെന്നുമാണ് ഡെമോക്രാറ്റുകളും മറ്റ് രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ട്രംപ് അധികാരത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഈ സമ്മാനം ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് കൈമാറും.
എന്നാല്‍ ഖത്തറിന്റെ സമ്മാനം സ്വീകരിച്ചേക്കുമെന്ന് പറഞ്ഞ ട്രംപ് ഈ കൈമാറ്റം പൂര്‍ണമായും സുതാര്യമാണെന്നും അവകാശപ്പെട്ടു. ഈ സമ്മാനം പ്രതിരോധ വകുപ്പിനാണ് കിട്ടിയതെന്നും ഈ 247 എയര്‍ക്രാഫ്റ്റ് എയര്‍ഫോഴ്‌സിലെ 40 വര്‍ഷം പഴക്കമുള്ള എയര്‍ഫോഴ്‌സ് വണ്ണിന് പകരമായി ഉപയോഗിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
‘ഒരു വിദേശ ഗവണ്‍മെന്റ് നല്‍കുന്ന ഏതൊരു സമ്മാനവും എല്ലായ്പ്പോഴും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സ്വീകരിക്കും. പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം പൂര്‍ണമായും സുതാര്യത പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം കൈമാറുന്ന കാര്യം ഇപ്പോഴും പരിഗണനയിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഖത്തര്‍ വക്താവ് അലി അല്‍-അന്‍സാരി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. സൗദി അറേബ്യ യു.എ.ഇ, ഖത്തര്‍ എന്നിവ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റിലേക്കുള്ള മൂന്ന് ദിവസത്തെ പര്യടനത്തിനിനായി ട്രംപ് ഖത്തറിലെത്തുമ്പോള്‍ ആഡംബര സമ്മാനത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നാണ് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യയില്‍ ഗള്‍ഫ്-യു.എസ് ഉച്ചകോടിക്ക് ആരംഭിക്കും. ട്രംപിന്റെ രണ്ടാം ടേമിലെ സൗദി അറേബ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴികെ എല്ലാ ഗള്‍ഫ് നേതാക്കളും ഗള്‍ഫ്-യു.എസ് ഉച്ചകോടിയില്‍ പങ്കെടുക്കും.
ഉച്ചകോടിയില്‍ വെച്ച് സാമ്പത്തിക കരാറുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യു.എസുമായി ഒപ്പുവെക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.