ഖത്തര്‍ ആക്രമണം: ഇസ്രഈലിന്റെ നീക്കം ബുദ്ധിപരമല്ല; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ്
World
ഖത്തര്‍ ആക്രമണം: ഇസ്രഈലിന്റെ നീക്കം ബുദ്ധിപരമല്ല; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th September 2025, 7:31 am

വാഷിങ്ടണ്‍: ഖത്തറിലേക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിനുള്ളില്‍ വെച്ച് ഹമാസ് നേതാക്കളെ ആക്രമിച്ചത് ബുദ്ധിപരമല്ലെന്ന് ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. ഫോണിലൂടെയാണ് ട്രംപ് ഇസ്രഈലിനെ അതൃപ്തി അറിയിച്ചതെന്ന് മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ച ട്രംപും നെതന്യാഹുവും തമ്മില്‍ ഫോണിലൂടെ ചൂടേറിയ വാഗ്വാദം തന്നെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  അതേസമയം, ചുരുങ്ങിയ സമയമാണ് ആക്രമണം നടത്താന്‍ ലഭിച്ചതെന്നും ആ അവസരം മുതലെടുക്കുകയായിരുന്നെന്നും നെതന്യാഹു പ്രതികരിച്ചു.

രണ്ട് തവണയാണ് ട്രംപും നെതന്യാഹുവും അന്നേദിവസം ഫോണില്‍ സംസാരിച്ചതെന്നും രണ്ടാമത്തെ ഫോണ്‍ സംഭാഷണം സൗഹൃദപരമായിരുന്നെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം വിജയകരമായിരുന്നോ എന്ന് നെതന്യാഹുവിനോട് ട്രംപ് ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, യു.എസിന്റെ പിന്തുണയില്ലാതെ ഏകപക്ഷീയമായ ആക്രമണമാണ് ഇസ്രഈല്‍ നടത്തിയതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ആക്രമണം ഇസ്രഈല്‍-യു.എസ് താത്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതല്ല. ഇത് തടയാന്‍ വൈകിപ്പോയെന്നും ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

ഖത്തറില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഹമാസിന്റെ പ്രധാനപ്പെട്ട നേതാവായ ഖലീല്‍ അല്‍-ഹയ്യ, ഹമാസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററായ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈല്‍ ആക്രമണം.

ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.

അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടറായ ജിഹാദ് ലബാദ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ, തങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഹമാസ് നേതാക്കളെ പിന്തുടര്‍ന്ന് വൈകാതെ തന്നെ കൊലപ്പെടുത്തുമെന്ന് യു.എസിലെ ഇസ്രയേല്‍ അംബാസഡര്‍ യൂഹിയേല്‍ ലീറ്റര്‍ ഭീഷണിമുഴക്കി.

Content Highlight: Qatar attack: Israel’s move is not wise; Trump called Netanyahu