മെസിയുടെ അര്‍ജന്റീനയോ നെയ്മറിന്റെ ബ്രസീലോ അല്ല, ഇവരാണ് കപ്പ് നേടാന്‍ പോവുന്നത്: പുയോള്‍
2022 Qatar World Cup
മെസിയുടെ അര്‍ജന്റീനയോ നെയ്മറിന്റെ ബ്രസീലോ അല്ല, ഇവരാണ് കപ്പ് നേടാന്‍ പോവുന്നത്: പുയോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th June 2022, 11:58 am

വരാനിരിക്കുന്ന ഖത്തര്‍ ഫുടബോള്‍ ലോകകപ്പില്‍ തന്റെ ഫേവറിറ്റുകളെ പ്രഖ്യാപിച്ച് സ്‌പെയ്‌നിന്റെയും ബാഴ്‌സലോണയുടെയും എക്കാലത്തേയും ഇതിഹാസ താരം കാര്‍ലോസ് പുയോള്‍.

ലോകകപ്പില്‍ ബ്രസീലിനെക്കാളും അര്‍ജന്റീനയെക്കാളും പുയോള്‍ സാധ്യത കല്‍പിക്കുന്നത് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനാണ്.

ഫ്രഞ്ച് പടയില്‍ നിരവധി താരങ്ങളുണ്ടെന്നും ലോകകപ്പ് നേടാനുള്ള തന്റെ ഫേവറിറ്റുകള്‍ അവരാണെന്നും പുയോള്‍ പറയുന്നു.

പ്രമുഖ അന്താരാഷ്ട്ര കായിക മാധ്യമമായ ബോലവിപ്പാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം പ്രധാന ഫേവറിറ്റുകള്‍ ഫ്രാന്‍സാണ്. നിരവധി താരങ്ങളാണ് അവര്‍ക്കുള്ളത്. ഒരുപാട് കഴിവുറ്റ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്, ഇതിനെല്ലാം പുറമെ മികച്ച കോംപിറ്റിറ്റീവ് സ്പിരിറ്റ് വെച്ചുപുലര്‍ത്തുന്ന ടീമാണ് ഫ്രാന്‍സ്.

അവര്‍ ഇതിനോടകം തന്നെ ചാമ്പ്യന്‍മാരായ ടീമാണ്. അവര്‍ക്ക് ചാമ്പ്യന്‍മാരാവേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി അറിയാം.

സ്‌പെയ്‌നിനെ പോലെ മറ്റു പല ടീമുകളുമുണ്ട്. അവരും മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നത്. എന്നാല്‍ അവരെ ഞാന്‍ ഫേവറിറ്റുകളായി കണക്കാക്കുന്നില്ല. കാരണം അവര്‍ ആ സമ്മര്‍ദ്ദം പേറേണ്ടതില്ല തന്നെ.

വളരെയധികം മികച്ച രീതിയില്‍ കളിക്കുന്ന ഒരു പറ്റം താരങ്ങളും ടീമിനെ മറ്റുപലരീതിയിലും സഹായിക്കാന്‍ സാധിക്കുന്ന അനുഭവ സമ്പത്തുള്ളവരും അവര്‍ക്കുണ്ട്,’ പുയോള്‍ പറയുന്നു.

2022ല്‍ വരാനിരിക്കുന്ന ലോകകപ്പ് ഒരിക്കലും ടിപ്പിക്കലാവില്ല എന്നും അദ്ദേഹം പറയുന്നു.

‘അടുത്ത ലോകകപ്പ് ഒരിക്കലും ടിപ്പിക്കലായ ഒന്നല്ല, കാരണം അത് വേറെ തന്നെ സമയത്താണ് നടക്കുന്നത്. ഇത് ഒരു സീസണിന്റെ അവസാനമല്ല നടക്കുന്നത്. നമുക്ക് നോക്കാം താരങ്ങള്‍ എങ്ങനെയാണ് കളിക്കുന്നതെന്ന്,’ പുയോള്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് പുയോളിന്റെ ഫേവറിറ്റ്‌സായി ഫ്രാന്‍സുള്ളത്. ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും ടുണീഷ്യയുമാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍.

 

Content highlight: Puyol about his World Cup Favorites