തരംതാഴ്ന്ന രാഷ്ട്രീയം മാറ്റിവെക്കുക; ടി.എം.സിയുടെ പരാജയത്തില്‍ ആഹ്‌ളാദിക്കുകയല്ല വേണ്ടത്: രാഹുല്‍ ഗാന്ധി
India
തരംതാഴ്ന്ന രാഷ്ട്രീയം മാറ്റിവെക്കുക; ടി.എം.സിയുടെ പരാജയത്തില്‍ ആഹ്‌ളാദിക്കുകയല്ല വേണ്ടത്: രാഹുല്‍ ഗാന്ധി
നിഷാന. വി.വി
Tuesday, 5th May 2026, 3:07 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ അമിതാഹ്‌ളാദം പ്രകടിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.

അമിതാഹ്‌ളാദം പ്രകടനം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തരംതാഴ്ന്ന രാഷ്ട്രീയം മാറ്റിവെച്ച് ബി.ജെ.പിയുടെ വളര്‍ച്ചയെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയുടെ വിജയം ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നും ടി.എം.സിയുടെ പരാജയത്തില്‍ സന്തോഷിക്കുന്നതിന് പകരം ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ള മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിലെ ചിലരും ടി.എം.സിയുടെ തോല്‍വിയില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ അസമിന്റെയും ബംഗാളിന്റെയും ജനവിധി മോഷ്ടിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ വലിയൊരു ചുവെടുവെപ്പാണിതെന്ന് ഇത്തരത്തിലുളളവര്‍ മനസിലാക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.ഏതെങ്കിലും പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ഇത് ഇന്ത്യയെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പി വലിയ വിജയം നേടിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ടി.എം.സിയുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടതായും പരാതിയുണ്ട്.

അധികാരത്തില്‍ വന്നയുടന്‍ തന്നെ ബി.ജെ.പി യഥാര്‍ത്ഥ മുഖം കാണിച്ചുവെന്നായിരുന്നു ആക്രമണത്തില്‍ ടി.എം.സി.യുടെ പ്രതികരണം.

Content Highlight: Put aside low-level politics; don’t rejoice over TMC’s defeat: Rahul Gandhi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.