കലാമണ്ഡലത്തിലെ അഭിമുഖ പരീക്ഷയിൽ ഞാൻ ഒന്നാമതായിട്ടും ജോലി കിട്ടിയത് എൻ.എസ്.എസിലുള്ള ആൾക്ക്: പുഷ്പ്പവതി
Malayalam Cinema
കലാമണ്ഡലത്തിലെ അഭിമുഖ പരീക്ഷയിൽ ഞാൻ ഒന്നാമതായിട്ടും ജോലി കിട്ടിയത് എൻ.എസ്.എസിലുള്ള ആൾക്ക്: പുഷ്പ്പവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 7:34 pm

മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളാണ് പുഷ്പവതി പൊയ്പ്പാടത്ത്. നമ്മളിലെ ‘കാത്തുകാത്തൊരു മഴയത്ത്’, സാൾട്ട് ആൻഡ് പേപ്പറിലെ ‘ചെമ്പാവിന് പുന്നെല്ലിൻ’ തുടങ്ങിയ പാട്ടുകളിലൂടെ അവർ പ്രേക്ഷകർക്ക് സുപരിചിതയായ അവർ സംഗീത-നാടക അക്കാദമി വൈസ് ചെയർപേഴ്‌സണുമാണ്. കുറച്ച് ദിവസങ്ങൾക്ക് സംസ്ഥാന സർക്കാർ നടത്തിയ ഫിലിം കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ദളിത് വിരുദ്ധ പരാമർശങ്ങളിലും വേദിയിൽ വെച്ചുതന്നെ പ്രതികരിച്ചത് പുഷ്പവതിയായിരുന്നു.

ഇപ്പോൾ സംഗീത മേഖലയിൽ ജാതീയ പരമായ വേർതിരിവുകൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പുഷ്പവതി പൊയ്പ്പാടത്ത്. പഠിക്കുന്ന കാലത്ത് അധ്യാപകർക്കെല്ലാം വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ പഠിച്ചുകഴിഞ്ഞ് തൊഴിൽരംഗത്തേക്ക് കടന്നപ്പോഴാണ് ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങിയതെന്നും അവർ പറയുന്നു.

കർണാടക സംഗീത ലോകമാണെങ്കിലും സിനിമാ സംഗീത ലോകമാണെങ്കിലും പണവും അധികാരവും പ്രശസ്തിയും എല്ലാം ഇടകലർന്നതാണ്. അവിടെ മത്സരമാണ്. ആ മത്സരത്തിൽ എപ്പോഴും നമ്മൾ പിന്തള്ളപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. അവിടെ പാട്ടിൻ്റെ ക്വാളിറ്റി ഒന്നും ആരും ശ്രദ്ധിക്കാറില്ലെന്നും പാട്ടിനേക്കാൾ കാഴ്ചയിലെ ഭംഗിക്കാണ് കൂടുതൽ സ്വീകാര്യതയെന്നും നിറത്തിൻ്റെ കാര്യത്തിലുള്ള വേർതിരിവ്, സാമൂഹികമായ പശ്ചാത്തലം വെച്ചുകൊണ്ടുള്ള വേർതിരിവ് എല്ലാം ഉണ്ടെന്നും പുഷ്പവതി വ്യക്തമായി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇത്തരത്തിലുള്ള വേർതിരിവ് പണ്ട് ഒരുപാട് നേരിട്ടുണ്ടെന്നും സർക്കാർ ജോലിക്ക് ശ്രമിക്കുമ്പോഴും ഇതേ പ്രശ്‌നം നേരിട്ടിട്ടുണ്ടെന്നും പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു.

‘സംഗീതം പഠിച്ചു പുറത്തിറങ്ങിയപ്പോഴുള്ള ആദ്യ അനുഭവം കലാമണ്ഡലത്തിൽ ജോലിക്ക് ശ്രമിച്ചപ്പോഴായിരുന്നു. ചെമ്പൈ കോളജിൽനിന്ന് ഫസ്റ്റ് റാങ്ക് വാങ്ങിയാണ് പാസായത്. പഠനം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. എം.എ പഠിക്കാനായി കേന്ദ്ര ഗവൺമെനിൻ്റെ സ്കോളർഷിപ്പും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞ് തൊഴിലന്വേഷിക്കുമ്പോൾ എൻ്റെ വിചാരം എനിക്ക് ജോലി കിട്ടാൻ വളരെ എളുപ്പമാണ് എന്നായിരുന്നു.

കലാമണ്ഡലത്തിലെ അഭിമുഖ പരീക്ഷയിൽ പോയപ്പോൾ ഒന്നാമതായിട്ടും എനിക്ക് ആ ജോലി കിട്ടിയില്ല. എൻ.എസ്. എസിൽ ഉള്ള ഒരാൾക്കാണ് ജോലി കിട്ടിയത്. എൻ്റെ ഗുരുനാഥൻ മങ്ങാട് കെ. നടേശൻ ജഡ്ജിങ് പാനലിലുണ്ടായിരുന്നു. ജോലി കിട്ടാതിരുന്നതിനെക്കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു പ്രഹസനമായിരുന്നു. മറ്റൊരാൾക്ക് ആ പോസ്റ്റ് കൊടുക്കാൻ നേരത്തേ ധാരണയുണ്ടായിരുന്നു എന്നാണ്,’ പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു.

Content Highlight: Pushpavathy Poypadathu responds to the question of whether there is caste-based discrimination in the music industry