രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി പുഷ്പ; 2021 ലെ 'മെഗാ വിന്നര്‍' ആവാന്‍ അല്ലു അര്‍ജുന്‍
Entertainment news
രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി പുഷ്പ; 2021 ലെ 'മെഗാ വിന്നര്‍' ആവാന്‍ അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th December 2021, 4:58 pm

ഹൈദരാബാദ്: 2021 വര്‍ഷം അവസാനിക്കാനിരിക്കെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാവാനൊരുങ്ങി അല്ലു അര്‍ജുന്‍ നായകനായ പുഷ്പ.

റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയാണ് പുഷ്പ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Pushpa collects Rs 116 crore in two days; Allu Arjun to be ‘Mega Winner’ of 2021