ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് മുകളില്‍ കൂറ്റന്‍ ടോട്ടല്‍ ഉയര്‍ത്തി പഞ്ചാബ് കിങ്സ്. പഞ്ചാബിന്റെ തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന്‍ റിഷബ് പന്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പന്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു പഞ്ചാബ് ബാറ്റ് വീശിയത്. പഞ്ചാബ് 254 റണ്‍സാണ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്.
മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ് മടങ്ങിയെങ്കിലും പിന്നീട് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കോണോലിയുടെയും വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും 93 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്.
മറുഭാഗത്ത് കൊണോലി 46 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 87 റണ്‍സും അടിച്ചെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയെങ്കിലും ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോണിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തുകയായിരുന്നു. സ്റ്റോണിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടിയാണ് കൂറ്റന്‍ ടോട്ടലിലേക്ക് പഞ്ചാബിനെ നയിച്ചത്.
ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പഞ്ചാബ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ 250 റണ്‍സാണ് പഞ്ചാബ് മറികടന്നത്.
എല്‍.എല്‍.ജിയുടെ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം.സിദ്ധാര്‍ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.