പഞ്ചാബികളുടെ അടിയിലും വീഴാതെ സഞ്ജു; തോല്‍വിയിലും തലയുയര്‍ത്തി അയ്യര്‍!
Cricket
പഞ്ചാബികളുടെ അടിയിലും വീഴാതെ സഞ്ജു; തോല്‍വിയിലും തലയുയര്‍ത്തി അയ്യര്‍!
Sudev A
Tuesday, 12th May 2026, 7:04 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് വിക്കറ്റിനാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വമ്പന്‍ തിരിച്ചുവരവ് പഞ്ചാബിന് ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട അയ്യര്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിരിച്ചുവരവ് നടത്തിയത്. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്സ്.

മത്സരത്തില്‍ മൂന്ന് സിക്‌സുകള്‍ നേടിയതിന് പിന്നാലെ ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും അയ്യര്‍ക്ക് സാധിച്ചു. തന്റെ ടീം 200+ സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ ശ്രേയസ് 81 സിക്‌സുകളാണ് നേടിയിട്ടുള്ളത്. ഇത്രയധികം സിക്‌സുകള്‍ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മക്കൊപ്പമാണ് ശ്രേയസ് ഇടം നേടിയത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസണാണ്. 92 സിക്‌സുകളാണ് സഞ്ജു അടിച്ചിട്ടുള്ളത്.

200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, സിക്‌സുകളുടെ എണ്ണം

സഞ്ജു സാംസണ്‍ – 92

ക്രിസ് ഗെയ്ല്‍ – 93

വിരാട് കോഹ്ലി – 82

അഭിഷേക് ശര്‍മ – 81

ശ്രേയസ് അയ്യര്‍ – 81

അതേസമയം മത്സരത്തില്‍ പഞ്ചാബിനായി അയ്യര്‍ക്ക് പുറമെ പ്രിയാന്‍ഷ് ആര്യയും ഫിഫ്റ്റി നേടി തിളങ്ങി. 33 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളുമാണ് ആര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൂപ്പര്‍ കനോലി 38 റണ്‍സും സൂര്യാന്‍ഷ് ഷെഡ്‌ജെ 21 റണ്‍സും നേടി.

പഞ്ചാബിന്റെ ബൗളിങ് നിരയില്‍ അര്‍ഷദീപ് സിങ്, യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബെന്‍ ഡ്വാര്‍ഷുയിസ്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ദല്‍ഹിക്കായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 30 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്സുകളും അടക്കം 56 റണ്‍സാണ് അക്‌സര്‍ നേടിയത്. 28 പന്തില്‍ 51 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്സുകളുമാണ് മില്ലര്‍ നേടിയത്. ദല്‍ഹി ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

മെയ് 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയാണ് വേദി. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിക്കാനായാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കും.

Content Highlight: Punjab Kings captain Shreyas iyer Create a huge record in ipl history

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.