പഞ്ച് മോദി ചലഞ്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് എ.ഐ.എസ്.എഫ്: എതിര്‍ക്കുമെന്ന് ആര്‍.എസ്.എസും പൊലീസും
kERALA NEWS
പഞ്ച് മോദി ചലഞ്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് എ.ഐ.എസ്.എഫ്: എതിര്‍ക്കുമെന്ന് ആര്‍.എസ്.എസും പൊലീസും
ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 8:41 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തുന്ന പഞ്ച് മോദി ചലഞ്ചില്‍ നിന്നും പിന്നോട്ടില്ലെന്ന് എ.ഐ.എസ്.എഫ്. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്‌ലഫ് പാറേക്കാടന്‍ തുടങ്ങി വച്ച പഞ്ച് മോദി ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

എന്നാല്‍ പഞ്ച് മോദി ചലഞ്ച് നടത്തുന്നതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ലെന്ന് പൊലീസ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രതിഷേധമുണ്ടെന്നും ആര്‍.എസ്.എസ് പറയുന്നത് കേള്‍ക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി.


ആര്‍.എസ്.എസ് ജില്ലാ സെക്രട്ടറി വിളിച്ചു പറഞ്ഞതു പ്രകാരമാണ് പൊലീസ് പഞ്ച് മോദി ചലഞ്ച് തടയുന്നതെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ചലഞ്ചിനെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും വന്‍പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നും പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ട് പോകുമെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി.

മോദിയുടെ ജനവിരുദ്ധ നയത്തിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള മാര്‍ഗമാണ് പഞ്ച് മോദി ചലഞ്ച് എന്ന് അസ്‌ലഫ് പറയുന്നു. “പഞ്ച് മോദി ചലഞ്ചെന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്. ഇതില്‍ പങ്കെടുത്തതില്‍ ഒട്ടേറെ പേര്‍ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിന് പേരാണ് ഈ ചലഞ്ചിന്റെ ഭാഗമായത്. വേറിട്ട ഒരു പ്രതിഷേധ മാര്‍ഗമാണ് പഞ്ച് മോദി ചലഞ്ചെ”ന്ന് അസ്‌ലഫ് വ്യക്തമാക്കുന്നു.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ബലൂണില്‍, മോദിയുടെ മുഖത്ത് പഞ്ച് ചെയ്യുന്നതാണ് ഈ പ്രതിഷേധം. ഇത് വ്യക്തിപരമായ വിമര്‍ശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകള്‍ക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണ് ഈ വേറിട്ട പ്രതിഷേധമെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി.

അതേസമയം, ചലഞ്ച് സംഘടിപ്പിച്ച അസ്‌ലഫിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അസ്‌ലഫിന്‌റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.