കൊച്ചി: പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വി.ഡി. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാധ്യമങ്ങള്‍ പുറത്തുവിട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിദേശ സന്ദര്‍ശത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വി.ഡി. സതീശന്‍ പുനർജനി ഫണ്ട് ഉപയോഗിച്ച് വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. 2025 സെപ്റ്റംബര്‍ 19ന് വിജിലന്‍സ് ആസ്ഥാനത്തെ ഡി.ഐ.ജി ചുമതലയുള്ള കെ. കാര്‍ത്തിക് ഈ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു.
പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന മുഖേനയാണെന്നും എം.എല്‍.എ ഫണ്ട് കൈകാര്യം ചെയ്തതായി അറിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ സതീശന്‍ ചെയ്തിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
പ്രസ്തുത റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് വി.ഡി. സതീശനെതിരായ അഴിമതി ആരോപണത്തിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മുമ്പാണ് വിജിലന്‍സ് ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്.
ഇതിനുശേഷമാണ് 2021ല്‍ ആരംഭിച്ച രണ്ടാമത്തെ അന്വേഷണം പൂര്‍ത്തിയാക്കി 2025 സെപ്റ്റംബറില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ 11 മാസം മുമ്പ് നല്‍കിയ വിജിലന്‍സ് ശുപാര്‍ശയിലാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഒരുങ്ങുന്നത്. യോഗേഷ് ഗുപ്തയായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍.
പുനര്‍ജനിയില്‍ ക്രമക്കേടില്ലെന്നും എന്നാല്‍ വിദേശഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തില്‍ സി.ബി.ഐയ്ക്ക് അന്വേഷണം നടത്താമെന്നുമാണ് യോഗേഷ് ഗുപ്ത കൈമാറിയിരുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വി.ഡി. സതീശന്‍ വിദേശഫണ്ട് വാങ്ങിയതിനും അനുമതിയില്ലാതെ വിദേശ സന്ദര്‍ശനം നടത്തിയതിനും തെളിവുണ്ടെന്നാണ് വിവരം.
2018ലെ പ്രളയത്തിന് ശേഷം വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ‘പുനര്‍ജനി’. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.
Content Highlight: Punarjani case; Vigilance report finds no evidence against V.D.Satheesan