ആരായിരുന്നു പുല്‍വാമ ആക്രമണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍?
ന്യൂസ് ഡെസ്‌ക്

രാജ്യത്തെ ഏറെ പ്രകമ്പനം കൊള്ളിച്ച പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുകയാണ്. 2018 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്കിലേക്ക് ബോംബ് നിറച്ച കാറുമായി ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിന്റെ പിന്നീട് ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.

അതേ സമയം പുല്‍വാമ ആക്രമണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണെന്നതടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതിദേശീയത കുത്തിവെച്ച് പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പ്രകടമനായിരുന്നു.

ഇതെല്ലാം നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഒരു രാജ്യത്ത് ഒരു തീവ്രവാദ ആക്രമണം നടന്നാല്‍ ചോദ്യം ചെയ്യപ്പെടുന്നത് ആ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളാണ്. ഇന്ത്യന്‍ സൈന്യത്തെ നിരന്തരം സ്തുതിക്കുകയും തീവ്രദേശീയതയെക്കുറിച്ച് എക്കാലവും കാല്‍പ്പനികമായി സംസാരിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്നത് ഇതേ പാര്‍ട്ടി അധികാരത്തില്‍ ഇരുന്ന കാലങ്ങളിലാണ് എന്ന വസ്തുത നമുക്ക് മറക്കാം. ഭീകരവാദം ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാരെ ദിവസങ്ങളോളം വരിയില്‍ നിര്‍ത്തി, അവരുടെ ജീവനെടുത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതിനെക്കുറിച്ച് നമുക്ക് ഒന്നും ചോദിക്കാതിരിക്കാം. ഫെബ്രുവരി 14 പ്രണയദിനമല്ല പുല്‍വാമ രക്തസാക്ഷി ദിനമാണ് എന്നുള്ള പ്രഖ്യാപനങ്ങളും അവിടെ നില്‍ക്കട്ടെ.

ഈ ചോദ്യങ്ങളെല്ലാം പുല്‍വാമ ആക്രമണത്തിന് മുന്‍പും പിന്‍പുംനിരവധി തവണ ഉയര്‍ന്നതാണ്. മറ്റുചില കാര്യങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്.

രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയപാതകളിലൊന്നാണ് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള ദേശീയ പാത. 2547 സിആര്‍പിഎഫ് ജവാന്‍മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇന്നുവരെ ഉത്തരം കിട്ടിയിട്ടില്ല.

ആക്രമണത്തിന് സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും സിആര്‍പിഎഫ് ഐജിമാര്‍ കശ്മീര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആക്രമണം എവിടെ നിന്നും ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ ഇന്റലിജന്‍സിനായില്ല. സൈന്യത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡില്‍ നിറയെ സ്ഫോടകവസ്തുക്കളുമായി കാര്‍ നിര്‍ത്തിയിട്ടിരുന്നത് കണ്ടെത്താന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?

കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം ഭരിച്ച മൂന്നു വര്‍ഷവും ഭീകരാക്രമണങ്ങളുടെ വേലിയേറ്റമായിരുന്നു. രാജ്യത്ത് സൈനിക ക്യാംപുകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം ഉണ്ടായതും ഈ സമയത്ത് തന്നെയാണ്.

പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ജമ്മു കശ്മീര്‍ സംസ്ഥാനം ഇപ്പോള്‍ ഇല്ല എന്നതാണ്. രണ്ടാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. ഇതിനു ശേഷം കശ്മീരില്‍ നിന്നുള്ള പല വാര്‍ത്തകളും പുറംലോകം അറിഞ്ഞിട്ടുമില്ല.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വര്‍ഷം ഒന്നായിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് ആയിട്ടില്ല. അക്രമത്തിനുപയോഗിച്ച മുന്നൂറ് കിലോ ആര്‍.ഡി.എക്സ് സ്ഫോടക വസ്തുക്കളുടെ ഉറവിടവും ഇനിയും കണ്ടെത്തിയിട്ടില്ല.

പുല്‍വാമയില്‍ നേരത്തെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് ഭീകരരോടൊപ്പം യാത്ര ചെയ്യവെയാണ് ജനുവരി 12 ് പിടിയിലായത്. പുല്‍വാമ ആക്രമണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു മറുപടിയും പറഞ്ഞിട്ടില്ല.

അടുത്ത കാലത്തൊന്നുമില്ലാത്ത വിധം രാജ്യസുരക്ഷയുടെ മേല്‍ വെല്ലുവിളി ഉയര്‍ത്തി നടന്ന ആ ഭീകരമാക്രമണത്തിന്റെ ഉത്തരവാദിത്വം പേറുന്നവരെ കണ്ടെത്താന്‍ പോലും, എന്‍.ഐ.എക്കു കഴിയുന്നില്ലെങ്കില്‍ പിന്നെ ആ സംവിധാനം പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ആരായിരുന്നു പുല്‍വാമ ആക്രമണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്ന ചോദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനിയും ഇനിയും പ്രസക്തമാണ്.