എഡിറ്റര്‍
എഡിറ്റര്‍
മാഡം കാവ്യാ മാധവന്‍ തന്നെയെന്ന് സുനി
എഡിറ്റര്‍
Wednesday 30th August 2017 11:06am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡത്തെ വെളിപ്പെടുത്തി പ്രതി സുനില്‍ കുമാര്‍. മാഡം കാവ്യ തന്നെയാണെന്നും ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയതാണല്ലോയെന്നും സുനി പറഞ്ഞു. താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാനം എന്തിന് കേള്‍ക്കണമെന്നുകൂടി സുനി ചോദിച്ചു.

എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

തന്നെ അറിയില്ലെന്ന കാവ്യ മാധവന്റെ മൊഴി കള്ളമാണെന്നും കാവ്യയ്്ക്ക് തന്നെ അടുത്തറിയാമെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

കേസില്‍ മാഡം എന്ന പേര് ആദ്യം മുതലേ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതാരാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഇത് ഒരു സിനിമാ നടിയാണെന്ന സൂചന മാത്രമായിരുന്നു സുനി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ താരത്തിന് ഇന്നലെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണം സംഘം പറയുന്നത്.

ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കേ പള്‍സര്‍ സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചതായുള്ള മൊഴിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസുകാരന്റെ മൊബൈലില്‍ നിന്നും ‘ദിലീപേട്ടാ… കുടുങ്ങി, രക്ഷിക്കണം’ എന്ന ശബ്ദ സന്ദേശം ദിലീപിന്റെ മൊബൈലിലേക്ക് സുനി അയച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തുകയായിരുന്നു. പൊലീസുകാരന്‍ തന്നെയാണ് ഇക്കാര്യം അന്വെഷണ സംഘത്തിനോട് വെളിപ്പെടുത്തിയത്.

അതോടൊപ്പം, ഒരു പബ്ലിക് ബൂത്തില്‍ നിന്നും കാവ്യയേയും സുനി വിളിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് സഹായം ചെയ്തു കൊടുത്തതും പൊലീസുകാരന്‍ തന്നെയാണ്. പുതിയ തെളിവുകള്‍ മുദ്ര വെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു..

Advertisement