ഒരു ആവറേജ് സിനിമയിലെ എബോ ആവറേജ് പെര്‍ഫോമന്‍സ് നടത്തുന്ന എഴുപതുകാരന്‍. കാണുന്നവന് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന രീതിയിലുള്ള പ്രകടനം. പറഞ്ഞുവരുന്നത് മരണമാസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കേശവ കുറുപ്പിനെ കുറിച്ചാണ്. കേശവകുറുപ്പായി എത്തിയ പുളിയനം പൗലോസ് എന്ന അസാധാരണ നടനെ കുറിച്ചാണ്.
മരണമാസ്സ് സിനിമ കണ്ട ആളുകളൊന്നും അത്ര വേഗം ചിത്രത്തിലെ കുഴപ്പക്കാരനായ അപ്പാപ്പനെ മറക്കാന്‍ വഴിയില്ല. സ്‌ക്രീനില്‍ കേശവ കുറുപ്പിനെ കാണുമ്പോള്‍ അത്രയും ഇറിറ്റേഷനാണ് തോന്നുന്നത്. അത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയവും. സിനിമയുടെ നട്ടെല്ലെന്ന് പറയാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൗലോസ് അത്ര നിസാരക്കാരനല്ല.
എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള പുളിയനം സ്വദേശിയായ പൗലോസ്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ നാടകരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ്. ചെറുപ്പം തൊട്ടേ ഏകാന്ത നാടക മത്സരങ്ങളില്‍ സജീവമായ അദ്ദേഹം നാട്ടിലെ കലാസമിതി വാര്‍ഷികങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാത്യു ഇടമറ്റത്തിന്റെ ‘രാജധാനി’ നാടകത്തില്‍ ഫാദര്‍ മാത്യു എന്ന വേഷത്തിലൂടെ നാടകപ്രേമികള്‍ക്കിടയില്‍ പൗലോസ് ശ്രദ്ധേയനായി.
കുറെ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളില്‍ അംഗമാകാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെ 1980ല്‍ പൗലോസ് സ്വന്തമായി ‘അങ്കമാലി പൗര്‍ണമി’ എന്ന ട്രൂപ്പ് രൂപീകരിച്ചു. ‘ശരറാന്തല്‍’ എന്ന നാടകത്തിലൂടെ അരങ്ങിലേക്കെത്തിയ അങ്കമാലി പൗര്‍ണമി, അഭിമുഖം, അരക്കില്ലം, തീര്‍ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യന്‍, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം തുടങ്ങിയ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. 20 വര്‍ഷം കൊണ്ട് 3500ല്‍പ്പരം വേദികള്‍ പിന്നിട്ട പൗര്‍ണ്ണമിയുടെ ഭൂരിഭാഗം നാടകങ്ങളും സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു.
2015ല്‍ ഗുരുപൂജ പുരസ്‌ക്കാരം നല്‍കി സര്‍ക്കാര്‍ പുളിയനം പൗലോസിനെ ആദരിച്ചിട്ടുണ്ട്. സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ‘നരേന്ദ്രപ്രസാദ് നാടകപഠനകേന്ദ്ര’ത്തിന്റെ അഭിനയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നാടകത്തിന് പുറമെ സിനിമയിലും സീരിയലിലും പൗലോസ് ശ്രദ്ധേയനാണ്. കാഴ്ച, വെളിപാടിന്റെ പുസ്തകം, തട്ടുംപുറത്ത് അച്യുതന്‍, വിനോദയാത്ര, തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപെട്ടുണ്ട്. എന്നാലും പൗലോസ് എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമാണ് മരണമാസ്സ്. നല്ല സ്‌ക്രീന്‍ പ്രെസന്‍സും അസാധ്യ അഭിനയ പാടവവുമുള്ള പൗലോസിനെ വേണ്ടവിധം ഉപയോഗിക്കാന്‍ മലയാള സിനിമക്കാകട്ടെ.