എഡിറ്റര്‍
എഡിറ്റര്‍
പുലിമുരുകനാണോ സഖാവാണോ ഇഷ്ടപ്പെട്ടത്; ചോദ്യത്തിന് പിണറായിയുടെ കിടിലന്‍ മറുപടി
എഡിറ്റര്‍
Friday 28th April 2017 12:25pm

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം നല്ലൊരു കലാസ്വാദകനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്.

നേരത്തെ മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രം തിയേറ്ററില്‍ കുടുംബസമേതം പോയി അദ്ദേഹം കണ്ടിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമായ സഖാവ് സിനിമയും പിണറായി കുടുബത്തോടൊപ്പം കണ്ടു.

സിനിമ കണ്ടെന്ന് മാത്രമല്ല ചിത്രം ഏറെ ഇഷ്ടമായെന്നും പിണറായി പറയുന്നു. നല്ല വൃത്തിയുള്ള ഒരു സിനിമയാണെന്നും ഒരു കമ്യൂണിസ്റ്റ് എങ്ങനെയാണെന്ന് മറ്റ് വളച്ചുകെട്ടലുകളോ ഉള്ളിലൂടെയുള്ള കുത്തുകളോ ഇല്ലാതെ അവതരിപ്പിച്ചെന്നും പിണറായി പറയുന്നു.

പടമെടുത്ത എല്ലാവര്‍ക്കും അഭിനയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ ഇപ്പോള്‍ സഖാവ് സിനിമ കണ്ടു. നേരത്തേ പുലിമുരുകനും കണ്ടു. ഇതില്‍ ഏത് ചിത്രമാണ് അങ്ങേയ്ക്ക് ഇഷ്ടമായത് എന്ന ചോദ്യത്തിന് അത് വേറെ ഇത് വേറെ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പിണറായിയുടെ മറുപടി.

സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി തിയേറ്ററില്‍ എത്തിയിരുന്നു. പുതുക്കിപ്പണിതശേഷം ഉദ്ഘാടനം ചെയ്ത കൃപ സിനിമാസിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്കൊപ്പം എത്തിയത്. ഭാര്യ കമല, മകള്‍ വീണ, കൊച്ചുമക്കള്‍ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദന്‍, എ.കെ.ശശീന്ദ്രന്‍, പാലൊളി മുഹമ്മദ്കുട്ടി, മേയര്‍ വി.കെ.പ്രശാന്ത്, വി.കെ.സി.മമ്മദ്‌കോയ എംഎല്‍എ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisement