ലാ പാസ്: ബൊളീവിയയില്‍ വലതുപക്ഷ പ്രസിഡന്റ് റോഡ്രിഗോ പാസ് പെരേരയുടെ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായതോടെ, രാജ്യം അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുമുള്ള നീക്കത്തിനുമെതിരെ ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും തൊഴിലാളികളുമാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
ഒരു മാസത്തിലേറെയായി തുടരുന്ന റോഡ് ഉപരോധങ്ങളും സാമ്പത്തിക സ്തംഭനവും നേരിടാന്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിക്കുന്നതിനായി അടിയന്തരാവസ്ഥ നിയന്ത്രിക്കുന്ന പുതിയ ബില്ല് പ്രസിഡന്റ് പാര്‍ലമെന്റില്‍ (എ.എല്‍.പി) അവതരിപ്പിച്ചു.
അടിയന്തരാവസ്ഥ നിലവില്‍വരുന്നതോടെ തെരുവില്‍ തുടരുന്ന പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം. സൈനിക നടപടികള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്ന ബില്ലാണിത്.
എന്നാല്‍ ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരം തുടരുമെന്നും തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും തൊഴിലാളി നേതാക്കള്‍ വ്യക്തമാക്കി.
20% ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് മെയ് മാസത്തില്‍ തുടങ്ങിയ സമരം, ഇപ്പോള്‍ പ്രസിഡന്റിന്റെ രാജി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ധന സബ്സിഡി നിര്‍ത്തലാക്കിയതും, ഡോളര്‍ ക്ഷാമവും, കുതിച്ചുയരുന്ന കടുത്ത വിലക്കയറ്റവുമാണ് ജനങ്ങളെ പ്രക്ഷോഭത്തിനായി തെരുവിലിറക്കിയത്.
പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യൂണിയന്‍ നേതാക്കളെ സര്‍ക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്.
ദീര്‍ഘകാലം ബൊളീവിയയെ നയിച്ച മുന്‍ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറാലിസ് ആണ് ഭീഷണികളെ അതിജീവിച്ച് സമരത്തിന് പിന്നിലെ പ്രധാന സംഘാടകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, മൊറാലിസിനെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം പ്രതിഷേധം ആളിപ്പടര്‍ത്തുന്നതെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
രാജ്യത്തെ പ്രധാന പാതകളില്‍ 103 ഇടങ്ങളിലായി പ്രതിഷേധം തുടരുകയാണ്. കൊച്ചബാംബയാണ് പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രം. അഞ്ച് ആഴ്ചയായി തുടരുന്ന ഈ സമരം മൂലം 1.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കുകള്‍.
പ്രക്ഷോഭകര്‍ക്ക് എതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍ പ്രക്ഷോഭകര്‍ ഡൈനാമിറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തിരിച്ചടിക്കുന്നതിനാല്‍ തലസ്ഥാന നഗരം യുദ്ധക്കളത്തിന് സമാനമാണ്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും ചികിത്സ കിട്ടാതെയും ഇതുവരെ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റോഡ് ഉപരോധം കാരണം ആംബുലന്‍സുകള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് ആരോപണം.
ലാ പാസ് പ്രവിശ്യയില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും മറ്റും കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ 90 ദിവസത്തെ ആരോഗ്യ-മാനുഷിക അടിയന്തരാവസ്ഥ (Health and Humanitarian Emergency) പ്രഖ്യാപിച്ചിരിക്കുകയാണ്.
ബൊളീവിയയിലെ ആഭ്യന്തര കലാപത്തില്‍ അന്താരാഷ്ട്ര സമൂഹവും രണ്ട് തട്ടിലാണ്. അമേരിക്ക ബൊളീവിയന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും നിലവിലെ സാഹചര്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
എന്നാല്‍ കൊളംബിയ പോലുള്ള അയല്‍രാജ്യങ്ങള്‍ ഈ പ്രക്ഷോഭത്തെ ജനകീയ മുന്നേറ്റമായാണ് കാണുന്നത്. ഇതിനെത്തുടര്‍ന്ന് പ്രക്ഷോഭത്തെ അനുകൂലിച്ച് സംസാരിച്ച കൊളംബിയന്‍ അംബാസഡറെ ബൊളീവിയ പുറത്താക്കിയത് വലിയ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
Content Highlight: Public protests intensify: Government moves to declare a state of emergency in Bolivia