ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ',പെട്രോള്‍ വിലയില്‍ നാട്ടുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

എണ്ണ വില സെഞ്ച്വറി കടക്കുമോ…? എന്ന് അതിശയോക്തിയോടെ ചോദിച്ചിരുന്ന കാലമല്ലിത്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില 100 രൂപ കടന്നിരിക്കുന്നു. പ്രീമിയം പെട്രോളുകള്‍ക്കും ചില പ്രധാന നഗരങ്ങളില്‍ 100 രൂപയ്ക്ക് മുകളിലായിരിക്കുകയാണ്.

കൊവിഡ് മൂലം സാമ്പത്തികമായും സാമൂഹികമായും പ്രതിസന്ധി നേരിടുന്ന സാധാരണക്കാരിലേക്കാണ് ഈ വിലവര്‍ധനവ് അടിച്ചേല്‍പ്പിക്കുന്നതെന്നതാണ് വാസ്തവം. തുടര്‍ച്ചയായി എണ്ണ വില വര്‍ധിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കൂടി കേള്‍ക്കണം…

കൊവിഡ് മൂലം ലോകം മുഴുവന്‍ ലോക്ഡൗണിലായ ഘട്ടത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ മൊത്തം ഉത്പാദനത്തില്‍ കുറവുണ്ടായത്. ഇതിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുകയും ചെയ്തു.

2020 ജനുവരിയില്‍ അന്താരാഷ്ട്ര എണ്ണ വില ബാരലിന് 64 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപയായിരുന്നു വില. 2020 മെയ് മാസത്തില്‍ അന്താരാഷ്ട്ര എണ്ണ വില കുത്തനെ കുറഞ്ഞ് ബാരലിന് 29 ഡോളറായപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 71 രൂപ. അതായത് അന്താരാഷ്ട്ര എണ്ണവില പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍ വിലയില്‍ ശരാശരി ആറ് രൂപയുടെ കുറവാണുണ്ടായത്.

2020 ഓക്ടോബര്‍ ആയപ്പോഴേക്കും അന്താരാഷ്ട്ര എണ്ണവില ബാരലിന് 40 ഡോളര്‍ ആയി. ആ ഘട്ടത്തില്‍ രാജ്യത്ത് പെട്രോള്‍ വില 80 രൂപയ്ക്ക് മുകളിലായി.

2021 ഫെബ്രുവരിയില്‍ അന്താരാഷ്ട്രതലത്തില്‍ എണ്ണ വില 60 ഡോളറായി വര്‍ധിച്ചപ്പോള്‍ പെട്രോള്‍ വില 90 രൂപയായി വര്‍ധിച്ചിരിക്കുന്നു. അതായത് നാല് മാസം കൊണ്ടാണ് 81 രൂപയില്‍ നിന്ന് 90 രൂപയിലേക്കുള്ള കുതിപ്പ്് സംഭവിച്ചിരിക്കുന്നത്.

എണ്ണ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രം പറഞ്ഞത് ഇങ്ങനെ; കൊവിഡായതിനാല്‍ സാമ്പത്തികമായി രാജ്യം വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ നികുതി വരുമാനം കുറയുന്നു. ഇക്കാരണത്താല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കൂട്ടുന്നു. പക്ഷെ അന്തിമമായി ഉപഭോക്താവ് നല്‍കുന്ന പണത്തില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല. ഇതായിരുന്നു കേന്ദ്രം പറഞ്ഞതെങ്കില്‍ സംഭവിച്ചത് വിപരീതമാണ്. ദൈനംദിനം ഉയരുന്ന പെട്രോള്‍ ഡീസല്‍ വിലയോട് പൊരുത്തപ്പെടാനാകാതെ രാജ്യത്തെ അസംഖ്യം ജനത അക്ഷരാര്‍ത്ഥത്തില്‍ വലയുക തന്നെയാണ് എന്ന് വ്യക്തമാവുകയാണ് ജനങ്ങളോട് സംസാരിക്കുമ്പോള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ