പൊതുതാത്പര്യവും സുരക്ഷയും പ്രധാനം; എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ രക്തദാന വിലക്ക് തുടരും: കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച് സുപ്രീം കോടതി
India
പൊതുതാത്പര്യവും സുരക്ഷയും പ്രധാനം; എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ രക്തദാന വിലക്ക് തുടരും: കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച് സുപ്രീം കോടതി
നിഷാന. വി.വി
Friday, 13th March 2026, 7:27 am

ന്യൂദല്‍ഹി: എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള വിലക്ക് രാജ്യത്ത് തുടരുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍.

വിഷയത്തില്‍ നിലവിലുളള നിയമങ്ങള്‍ പുനപരിശോധിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് വിലക്ക് തുടരാനുളള തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുതാത്പര്യത്തിനും രക്തം സ്വീകരിക്കുന്നവരുടെ സുരക്ഷയ്ക്കുമാണ് മുന്‍ഗണയെന്ന് വാദം കേട്ട ശേഷം കോടതി നിരീക്ഷിച്ചു. ഇതില്‍ വിദഗ്ധരുടെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

രക്തദാനവുമായി ബന്ധപ്പെട്ട 2017 ലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരനും മുന്‍ പത്ര പ്രവര്‍ത്തകനുമായ ശരീഫ് ഡി. രഗ്‌നേക്കറും മറ്റ് സാമൂഹിക പ്രവര്‍ത്തകരുമാണ് പുനപരിശോധന ഹരജി സമര്‍പ്പിച്ചിരുന്നത്.

ഇത് സംബന്ധിച്ച് നിയമങ്ങള്‍ പുനപരിശോധിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പൊതുതാത്പര്യവും രക്തത്തിന്റെ സുരക്ഷിതത്വവും മുന്‍നിര്‍ത്തി എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ രക്തദാനം നിരോധിക്കുന്നത് അനിവാര്യമാണെന്ന് വിദഗ്ധര്‍ പറഞ്ഞതായി കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു.

രക്തത്തിന്റെ സുരക്ഷ എന്നത് സാങ്കേതികവും ശാസ്ത്രീയവുമായ കാര്യമാണ്. ഇതില്‍ മെഡിക്കല്‍ വിദഗ്ധര്‍ എടുത്ത തീരുമാനത്തതില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ കെ.വി വിശ്വനാഥന്‍, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

രക്തം സ്വീകരിക്കുന്ന വ്യക്തിക്കാണ് പ്രഥമ പരിഗണനയെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിക്കുന്നത് ദരിദ്രരായ ആളുകളാണെന്നും അവരെന്തിന് അണുബാധയുളള രക്തം സ്വീകരിക്കണമെന്നും കോടതി ചോദിച്ചു.

എന്നാല്‍ ലൈംഗികതയുടെയും ലിംഗസമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ ലക്ഷ്യം വെച്ചുളളതാണ് തീരുമാനമെന്ന്
ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ജയ്‌ന കോത്താരി പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങളെക്കാളെല്ലാം വലുത് രക്തം സ്വീകരിക്കുന്ന രോഗിയുടെ ജീവനും സുരക്ഷയുമാണെന്ന് കോടതി വിലയിരുത്തി.

ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നു, കൂടാതെ ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള പൂര്‍ണ്ണ അംഗത്വം എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിന് നല്‍കുന്നില്ല, അങ്ങനെ അവരെ രണ്ടാംതരം പൗരത്വത്തിലേക്ക് താഴ്ത്തുന്നു എന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.

Content Highlight: Public interest and safety are paramount; Blood donation ban for LGBTQ community to continue: Supreme Court accepts Centre’s stand

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.