കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്; പോസ്റ്റിട്ട് ആക്ഷേപിക്കുന്നവര്‍ ദുഖിക്കേണ്ടി വരുമെന്ന് പി.ടി. തോമസ്
Kerala News
കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്; പോസ്റ്റിട്ട് ആക്ഷേപിക്കുന്നവര്‍ ദുഖിക്കേണ്ടി വരുമെന്ന് പി.ടി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 12:03 am

തിരുവന്തപുരം: നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍ പേഴ്‌സണുമായ കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ്.

കെ.പി.എ.സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് കെ.പി.എ.സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.

നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും പി.ടി. തോമസ് പറഞ്ഞു.

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങളോളം സിനിമാരംഗത്ത് പ്രവര്‍ത്തിച്ച നടിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പി.ടി. തോമസ് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: PT Thomas says Kerala has a responsibility to protect KPAC Lalitha,