കസ്റ്റഡിമരണങ്ങളില്‍ പ്രതികളാകുന്നത് അനധികൃത നിയമനം ലഭിച്ച പൊലീസുകാര്‍; ആരോപണവുമായി പി.ടി തോമസ്
Kerala News
കസ്റ്റഡിമരണങ്ങളില്‍ പ്രതികളാകുന്നത് അനധികൃത നിയമനം ലഭിച്ച പൊലീസുകാര്‍; ആരോപണവുമായി പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 5:02 pm

കൊച്ചി: കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പൊലീസുകാരെന്ന ആരോപണവുമായി പി.ടി തോമസ്. പി.എസ്.സിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് യൂണിവേഴിസിറ്റി കോളെജ് വിഷയം മാത്രം പരിഗണിച്ചുകൊണ്ടല്ല പറയുന്നതെന്നും പി.ടി തോമസ് വ്യക്തമാക്കി.

‘ഇടതുസര്‍ക്കാരിന്റെ കാലത്ത് 2007-08 ല്‍ എസ്.ഐ സെലക്ഷനില്‍ ഭീകര തട്ടിപ്പ് നടന്നു. 2013-14 ല്‍ ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനവും നല്‍കി. കേരളത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണക്കേസുകൡ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസറ്റില്‍ നിന്നുള്ളവരാണ്. ഇതൊക്കെ കൂട്ടിവായിക്കേണ്ടതുണ്ട് ‘ എന്നായിരുന്നു പി.ടി തോമസിന്റെ ആരോപണം. ആരോപണങ്ങള്‍ പി.എസ്.സി യെ തകര്‍ക്കാനാണെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ വസ്തുതകളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ടി തോമസ് കൂട്ടി ചേര്‍ത്തു.

സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തിയെന്നും 2015 ലെ എസ്.ഐ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ സംവരണം അട്ടിമറിച്ച് പി.എസ്.സി 47 നിയമനങ്ങള്‍ നടത്തിയെന്നും പി.ടി തോമസ് നേരത്തെ ആരോപിച്ചിരുന്നു.

‘യൂണിവേഴ്സിറ്റി കോളെജിലെ തട്ടിപ്പുവീരന്‍മാരായ എസ്.എഫ്.ഐക്കാര്‍ റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയത് മാത്രമല്ല, പി.എസ്.സിയുടെ 47 ജോയിന്റ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുന്ന എസ്.ഐ റാങ്ക് ലിസ്റ്റില്‍ നടന്നത് ഭയാനകമായ തട്ടിപ്പാണ്. അതാണ് ഇന്നലെ വെളിപ്പെടുത്തിയത്. ആര്‍ജവവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ പി.എസ്.സിയിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്യണം’ എന്നായിരുന്നു പി.ടി തോമസ് എം.എല്‍.എ വ്യക്തമാക്കിയത്.