വാര്‍ത്തകളില്‍ കേട്ടതല്ല സംഭവിച്ചത്; കള്ളപ്പണത്തിന് ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ? വിശദീകരണവുമായി പി.ടി തോമസ്
Kerala News
വാര്‍ത്തകളില്‍ കേട്ടതല്ല സംഭവിച്ചത്; കള്ളപ്പണത്തിന് ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ? വിശദീകരണവുമായി പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 1:09 pm

കൊച്ചി: കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തിലുയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി പി.ടി തോമസ്.

ഇടപ്പള്ളി സ്വദേശി രാജീവന്‍ വീടിന്റെ കുടികിടപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി വി.എസ് രാമകൃഷ്ണന്‍ എന്നയാളുമായി തര്‍ക്കത്തിലാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ അക്രമത്തില്‍ പ്രതിയായ ദിനേശന്‍ എന്നയാളുടെ മകനാണ് രാജീവന്‍.

ഇയാളുടെ അനിയന്‍ ബാബു എന്റെ ഡ്രൈവറായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ് നിര്‍ദേശിച്ചതനുസരിച്ചാണ് രാജീവന്‍ എന്റെയടുത്ത് വന്നത്. നേരത്തെ സി.പി.ഐ.എം കൗണ്‍സിലര്‍മാരുള്‍പ്പെടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടൊന്നും ഈ പ്രശ്‌നത്തിന് പരിഹാരമായില്ല. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ വിഷയത്തില്‍ ഇടപെട്ടത്.

എം.എല്‍.എയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് രാമകൃഷ്ണന്‍ എന്നോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 88 ലക്ഷം രൂപ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ധാരണയുമായി. ഇത് മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്ന് ഞാന്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തു.

കരാറെഴുതാനുള്ള ചുമതല മൂത്തമകന്‍ രാജീവനായിരുന്നു. ഈ കരാറെഴുതി ഉണ്ടാക്കിയതിന് ശേഷം ഒക്ടോബറില്‍ ഈ കരാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്ക് ഞാനവിടെ പോകാന്‍ നില്‍ക്കുമ്പോള്‍ രാമകൃഷ്ണന്‍ രാജീവന്റെ കുടുംബമെടുത്ത വാടക വീട്ടില്‍ വന്നാല്‍ മതിയെന്ന് എന്നോട് വിളിച്ചു പറഞ്ഞു.

ഞാന്‍ ഇവരുടെ വാടക വീട്ടില്‍ എത്തുമ്പോള്‍ ഇവരുടെ കുടുംബാംഗങ്ങളും സി.പി.ഐ.എമ്മിന്റെ നേതാക്കളടക്കം 15 പേരുണ്ടായിരുന്നു അവിടെ. എഴുതിയുണ്ടാക്കിയ കരാര്‍ വായിച്ചതിന് ശേഷം ഞാനവിടെ നിന്ന് പോരുകയായിരുന്നു. ഇതിനിടയില്‍ അഞ്ചുമന ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ഒരു നിവേദനം തരാന്‍ എന്റെയടുത്ത് വന്നിരുന്നു.

ഞാനും അമ്പലക്കമ്മിറ്റിക്കാരും വണ്ടികിടക്കുന്നിടത്തേക്ക് നടക്കുമ്പോള്‍ കുറച്ച് ആളുകള്‍ വീ്ട്ടിലേക്ക് കയറുന്നത് ഞാന്‍ കണ്ടു. പിന്നീടാണ് ആദായനികുതി വകുപ്പാണ് എത്തിയതെന്ന് ഞാന്‍  അറിയുന്നത്.

രാമകൃഷ്ണന്‍ കൈമാറാനായി കൊണ്ടുവന്ന പണം കള്ളപ്പണമാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നു പി.ടി തോമസ് പറഞ്ഞു.

എന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഞാനൊന്നും ചെയ്തിട്ടില്ല. ലോകത്ത് ആരെങ്കിലും കള്ളപ്പണം കൈമാറാന്‍ കരാര്‍ ഉണ്ടാക്കുമോ. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ പി.ടി തോമസ് എം.എല്‍.എയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പി.ടി തോമസിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PT Thomas Explanation in Kochi income tax case