ലോക്ക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, പ്രതിവിധികള്‍
COVID-19
ലോക്ക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, പ്രതിവിധികള്‍
ഡോ: സലാം
Sunday, 29th March 2020, 9:50 pm
കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആദ്യം മാര്‍ച്ച് 31 വരെയും പിന്നീട് രാജ്യമൊട്ടാകെ 21 ദിവസവും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ആകുന്ന വ്യക്തികളുടെ മാനസികാരോഗ്യത്തെ കുറിച്ചും പ്രതിവിധികളെ കുറിച്ചും കോഴിക്കോട് ഇംഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ സലാം എഴുതുന്നു.
………………………..

കൊവിഡ് 19 ഭീതിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണല്ലോ നാടിപ്പോള്‍. മനുഷ്യവംശത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനും നാശം വിതയ്ക്കാനും ഒരു വൈറസിന് സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊവിഡ് ബാധ.

കൊവിഡ് 19 ആളുകളുടെ ശാരീരിക ആരോഗ്യത്തെ എന്ന പോലെ തന്നെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്.

തനിക്ക് രോഗം വരുമോ എന്ന ഭയം മുതല്‍ പ്രിയപ്പെട്ടവരെ രോഗം മൂലം നഷ്ടപ്പെട്ടതിന്റെ ദുഖം വരെയുള്ള വ്യത്യസ്ത മാനങ്ങള്‍ അടങ്ങിയതാണ് കൊവിഡിന്റെ മാനിസികാരോഗ്യ വശം. കൂടാതെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വ്യക്തികള്‍, പ്രായമായവര്‍ , കുട്ടികള്‍, ഗര്‍ഭിണികള്‍ മുതലായവരിലുള്ള മാനസികാഘാതങ്ങളെ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.

മുതിര്‍ന്നവരില്‍ തനിക്ക് വേഗം രോഗം പിടിപെടുമോ എന്ന ഭയമാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പുറത്ത് പോകാന്‍ കഴിയാതെ വീടിന് ഉള്ളില്‍ ഒതുങ്ങി കൂടുന്നതിന്റെ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.

മുമ്പ് മാനസിക രോഗം ഉണ്ടായിരുന്നവരോ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നവരോ ആണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ ഉണ്ട്. താന്‍ എവിടെ പോകുന്നുവെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയാതെ വരുന്നത് ഒരു തരം നിസഹായ അവസ്ഥയും ക്ഷോഭവും ഉണ്ടാക്കിയേക്കാം.

കുട്ടികളില്‍ രക്ഷിതാക്കളെ അമിതമായി ആശ്രയിക്കുന്ന മനോ ഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, ഉള്‍വലിയുന്ന സ്വഭാവം എന്നിവയാണ് പ്രകടമാവുക. ചിലര്‍ക്ക് ഉറക്കത്തില്‍ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ ഉണ്ടാകാം. അമിതമായ ഉത്കണ്ഠയുടെ തുടര്‍ച്ചയായി കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം.

കൊവിഡ് 19 യുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരിഗണന അര്‍ഹിക്കുന്നവരാണ് വൃദ്ധര്‍. കൊവിഡ് 19 യുടെ റിസ്‌ക്ക് ഏറ്റവും കൂടുതല്‍ ഉള്ളത് ഈ വിഭാഗത്തിലാണ്. മാനസിക പിരിമുറുക്കവും വിഷാദവും ഇവരില്‍ കൂടാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗണ്‍ കാരണം എല്ലാവരും വീട്ടിലിരിക്കുന്നത് ഇവരുടെ ദിനചര്യകളെ ബാധിച്ചേക്കാം. പെട്ടന്ന് ഉള്ള ഇത്തരം മാറ്റങ്ങള്‍ ഇവരില്‍ ദേഷ്യവും മറ്റു പെരുമാറ്റ വ്യതിയാനങ്ങളും ഉണ്ടാക്കിയേക്കാം.

അള്‍ഷിമേഴ്‌സ് പോലെയുള്ള മറവി രോഗമുള്ളവര്‍ക്ക് പ്രത്യേകിച്ച് അവര്‍ ശീലിച്ചു വന്ന കാര്യങ്ങളില്‍ മാറ്റം വരുന്നത് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന് വരില്ല. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ചിലപ്പോള്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടാകില്ല. പ്രത്യേകിച്ചും ബുദ്ധിപരമായ വെല്ലു വിളികള്‍ നേരിടുന്നവര്‍ക്ക്.

പല വാര്‍ത്താ മാധ്യമങ്ങളും ഭിന്ന ശേഷി സൗഹൃദമല്ലാത്തത് കൊണ്ട് കൊവിഡ് 19 നെ കുറിച്ചും മറ്റുമുള്ള അറിവ് നേടാനുള്ള ബുദ്ധിമുട്ട് അവര്‍ക്ക് നേരിട്ടേക്കാം. കൊറോണ ബാധ കാരണം ചില പ്രത്യേക മാനസിക വിഭ്രാന്തിയും അപൂര്‍വമായെങ്കിലും ചിലരില്‍ കണ്ടെന്ന് വരാം.

അകാരണമായ പേടി, സ്ഥലകാല ബോധമില്ലായ്മ, അമിതമായ നിരാശ, അടങ്ങിയിരിക്കാന്‍ കഴിയാതിരിക്കുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ അടങ്ങിയ അക്വ്യൂട്ട് സ്ട്രസ്സ് ഡിസോഡര്‍ ( Acute stress disorder ) എന്ന മാനസികാവസ്ഥ ഉണ്ടായേക്കാം. എന്നിരുന്നാലും ഭൂരിഭാഗം പേര്‍ക്കും മുകളില്‍ പ്രതിപാദിച്ച രീതിയിലുള്ള സ്വാഭാവിക വ്യതിയാനങ്ങളാണ് കാണാനാവുക.

പ്രതിവിധികള്‍ .

അസാധാരണമായ സാഹചര്യങ്ങളില്‍ അസാധാരണമായ പ്രതികരണങ്ങള്‍ ഉണ്ടാവുന്നത് സ്വഭാവികമാണെന്ന് മനസിലാക്കുകയാണ് ആദ്യത്തെ പടി. ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോള്‍ ഉണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ മാനസിന്റെ സ്വാഭാവിക പ്രതികരണമായി വേണം കാണാന്‍.

ഒരു റബ്ബര്‍ പന്ത് പോലെയാണ് മനസിന്റെ സ്വഭാവം. ഒരു പ്രത്യേക ചിന്തയോ വികാരമോ മനസിലേക്ക് വരരുത് എന്ന് ആഗ്രഹിച്ചാലാണ് അത് കൂടുതല്‍ വരിക. ( Re – bounce Effetc ) അത് കൊണ്ട് തന്നെ സങ്കടത്തില്‍ നിന്നും നിരാശയില്‍ നിന്നും ഏത്രയും വേഗം കരകയറാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ ആവുകയാണ് ചെയ്യുക.

അതിനാല്‍ മനസിനെ അതിന്റെ വഴിക്ക് വിടുകയും സ്വഭാവിക തലത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ സമയം അനുവദിച്ച് കൊടുക്കുകയും ചെയ്യുക. വീട്ടിലുള്ളവരുമായും സുഹൃത്തുക്കളുമായും തന്റെ ആകുലതകള്‍ പങ്കുവെയ്ക്കുന്നതും സഹായകരമാണ്. ഇതിനായി നവ മാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വീട്ടില്‍ തന്നെ ഇരിപ്പാണല്ലോ എന്ന് കരുതി ദിനചര്യകള്‍ പാലിക്കതെ ഇരിക്കുന്നത് മനസിന്റെ താളത്തെ ബാധിക്കും. കൃത്യമായ ഒരു ഷെഡ്യൂള്‍ അനുസരിക്കുന്നത് അവധി ദിനങ്ങളില്‍ സഹായകരമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സിനിമ, വായന, സംഗീതം, തുടങ്ങിയ കാര്യങ്ങള്‍ പ്രയോജനപ്പെടുത്താം. അതേസമയം മാനസിക പിരിമുറുക്കം കുറയക്കാന്‍ വേണ്ടി ലഹരി പദാര്‍ത്ഥങ്ങളെ ആശ്രയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒരു പ്രശ്‌നം വ്യാജ വാര്‍ത്തകളും ആശങ്ക പടര്‍ത്തുന്ന വാര്‍ത്തകളുമാണ്. അതിനാല്‍ വിശ്വാസ യോഗ്യമായ വാര്‍ത്താ സ്രോതസുകളെ മാത്രം ആശ്രയിക്കുക. തനിക്ക് ഉറപ്പാണെങ്കില്‍ മാത്രം സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക.

ചിലപ്പോഴെങ്കിലും വാട്‌സപ്പിലൂടെയും മറ്റും വാര്‍ത്തകള്‍ പങ്കിടുമ്പോള്‍ താന്‍ മറ്റുള്ളവരെ സഹായിക്കുകയാണ് എന്ന തോന്നല്‍ വരാം. എന്നാല്‍ അനാവശ്യമായും അമിതമായും ( പ്രത്യേകിച്ച് കൊവിഡ് 19 നെ കുറിച്ചുള്ള വാര്‍ത്തകള്‍ ) ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നതും പങ്കിടുന്നതും മാനസികസ്വാസ്ഥ്യം കുറയ്ക്കുകയാണ് ചെയ്യുക.

കൊവിഡ് 19 നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസത്തില്‍ രണ്ടു പ്രാവശ്യം മാത്രം വായിക്കുകയോ വീക്ഷിക്കുകയോ ചെയ്യുക എന്നതാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.

മാനസികാരോഗ്യത്തിനോടൊപ്പം തന്നെ ശാരീരികാരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. കൃത്യമായ ഭക്ഷണ രീതിയും വ്യായാമവും ഉറപ്പാക്കുന്നത് ശരീരത്തെയും മനസിനെയും ഒരുപോലെ സഹായിക്കും. ക്വിസ് പോലെയുള്ള വൈജ്ഞാനിക കളികളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. ധ്യാനം, യോഗ മുതലായ മാര്‍ഗങ്ങളുമാവാം.

കുട്ടികളുടെ മാനസികാരോഗ്യം

കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട സമയം കൂടിയാണ് കൊവിഡ് കാലം. കുട്ടികള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മനസിലാക്കുകയും വേണം. നാം വാക്കുകളില്‍ വിശദീകരിച്ചില്ലെങ്കിലും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ അവരുമായുള്ള ആശയ വിനിമയങ്ങള്‍ സുതാര്യമായിരിക്കണം.

തങ്ങളുടെ വഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് അവര്‍ക്ക് ആശ്വാസം പകരും. ദേഷ്യം , സങ്കടം, മുതലായ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണം. കുട്ടികള്‍ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നാണ് പഠിക്കുന്നത്.

അതിനാല്‍ മുതിര്‍ന്നവര്‍ അവരുടെ വികാരങ്ങള്‍ നന്നായി കൈകാര്യം ചെയ്യുകയും ശാന്തത പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ അവസരമില്ലാത്ത ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ഉള്ള വിശ്രമത്തിനും കളികള്‍ക്കും കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ അവസരം ഒരുക്കണം. പതിവ് ദിനചര്യകളും ഷെഡ്ഡ്യൂളുകളും കഴിയുന്നിടത്തോളം അതുപോലെ തന്നെ തുടരണം. പഠനം, കളി, വിശ്രമം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ഒരു ദിനചര്യ വേണം ഉണ്ടാക്കിയെടുക്കാന്‍.

കൊവിഡ് 19 നെ കുറിച്ച് കുട്ടികളോട് ലളിതമായ രീതിയില്‍ വ്യക്തമായി സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ അമിതമായി ഭയമുണ്ടാക്കാത്ത രീതിയില്‍ ദുരീകരിക്കുകയും വേണം. ക്രിയാത്മകമായ ഏത് രീതിയും ഇതിന് അവലംബിക്കാം.

കൊറോണയെ കുറിച്ച് കഥകളും പാട്ടുകളും ഉണ്ടാക്കുന്നത്, കൊറോണയുടെ ചിത്രംവര മത്സരങ്ങള്‍ നടത്തുന്നതൊമൊക്കെയാവാം. ബന്ധുക്കളുമായും കൂട്ടുകാരുമായും സമ്പര്‍ക്കം പുലര്‍ത്താന്‍ നവ മാധ്യമങ്ങളുടെ സഹായം തേടാവുന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും മറ്റും അമിതോപയോഗം ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

പ്രായമായവരും ഭിന്നശേഷിക്കാരും

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും കൊവിഡ് 19 നെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് മനസിലാവുന്ന രീതിയില്‍ വിവരിച്ച് കൊടുക്കണം. ഇവരുടെ മരുന്നുകളും മറ്റു ചികിത്സകളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം.

സ്പീച്ച് തെറാപ്പി , ഫിസിയോ തെറാപ്പി മുതലായവ ഉപയോഗപ്പെടുത്തിയിരുന്നവര്‍ കഴിയുമെങ്കില്‍ അവരുടെ തെറാപ്പിസ്റ്റുമായി വാട്‌സാപ്പ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബന്ധപ്പെടണം. അവരുടെ ഇത്തരം പരിശീലനങ്ങള്‍ക്കായി ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും മാറ്റി വെയ്ക്കണം.

കൊവിഡ് 19 ഒരു ദുരിത കാലമായി അനുഭവപ്പെട്ടേക്കാമെങ്കിലും ഇതിനെ ഒരു സ്‌നേഹ കാലമായും മാറ്റിയെടുക്കാം. വീട്ടിനുള്ളില്‍ സമയം ചിലവഴിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുകയും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം കൂട്ടാനും പരസ്പരം കൂടുതല്‍ അറിയാനുമുള്ള അവസരമായി ഇതിനെ മാറ്റിയെടുത്താല്‍ ഇത് ഒരു ദുരിത കാലമായി മാത്രം അവസാനിക്കാതെ സൂക്ഷിക്കാം.

DoolNews Video

ഡോ: സലാം
ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി, ഇംഹാൻസ്, കോഴിക്കോട്