ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളമംഗോയെ പരാജയപ്പെടുത്തി പി.എസ്.ജി ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ഗോള്‍കീപ്പര്‍ മാറ്റ്‌വി സഫാനോവിന്റെ മികവില്‍ ഷൂട്ടൗട്ടിലാണ് പാരീസിയന്‍സ് കിരീടം സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഷൂട്ടൗട്ടില്‍ പി.എസ്.ജിയുടെ ഗോള്‍വല കാക്കും ഭൂതത്താന്‍ സഫനോവിന്റെ കരുത്തിലാണ് പി.എസ്.ജി കിരീടത്തില്‍ മുത്തമിട്ടത്.
ഫ്‌ളമെംഗോക്കെതിരായ കിരീടപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരാണ് ആദ്യ ഗോള്‍ നേടിയത്. ക്വിച്ച ക്വാരത്ഷിലിയയാണ് പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ജോര്‍ജീന്യോ പെനാല്‍ട്ടിയിലൂടെ ബ്രസീലിയന്‍ ക്ലബ്ബിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ഫ്‌ളെമെംഗോ ലക്ഷ്യത്തിലെത്തിച്ചു. പി.എസ്.ജിക്കായി വിറ്റിന്‍ഹയും വലകുലുക്കി. തുടര്‍ന്ന് ഇരു ടീമുകളുടെയും കിക്ക് പിഴച്ചു. ബാലണ്‍ ഡി ഓറും ഫിഫ ദി ബെസ്റ്റും നേടിയ ഒസ്മനെ ഡെംബല അടക്കമുള്ളവര്‍ക്ക് പിഴച്ചു.
മറുവശത്ത് ബ്രസീല്‍ ക്ലബ്ബിന്റെ തുടര്‍ച്ചയായ രണ്ട് കിക്കുകള്‍ പി.എസ്.ജി ഗോള്‍ കീപ്പര്‍ തടുത്തു. നുനോ മെന്‍ഡസ് പന്ത് വലയിലെത്തിച്ചതോടെ പി.എസ്.ജി മുമ്പിലെത്തി. പി.എസ്.ജിയുടെ അടുത്ത കിക്ക് പാഴായെങ്കിലും സെഫനോവ് രക്ഷകനായതോടെ പി.എസ്.ജി കപ്പുയര്‍ത്തി.
ഇതോടെ ഒരു ചരിത്ര നേട്ടത്തിലും പി.എസ്.ജി ഇടം പിടിച്ചു. ഒരു വര്‍ഷത്തില്‍ ആറ് കിരീടം നേടുന്ന ടീം എന്ന നേട്ടമാണ് പി.എസ്.ജി സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് മാത്രം ടീമാണ് പി.എസ്.ജി. 2009ല്‍ ബാഴ്‌സലോണയും 2020ല്‍ ബയേണ്‍ മ്യൂണിക്കുമാണ് ഐക്കോണിക് സെക്‌സറ്റപ്പിള്‍ പൂര്‍ത്തിയാക്കിയത്.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പി.എസ്.ജി ഒരിക്കല്‍ക്കൂടി ലീഗ് വണ്‍ കിരീടം ശിരസിലണിഞ്ഞത്. റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ പി.എസ്.ജി മൊണാക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ച് സൂപ്പര്‍ കപ്പും തങ്ങളുടെ ട്രോഫി പോര്‍ട്‌ഫോളിയോയിലേക്ക് ചേര്‍ത്തുവെച്ചു.
ഈ കിരീടങ്ങളെല്ലാം നേരത്തെയും നേടിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയാണ് പി.എസ്.ജി 2025നെ തങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ അടയാളപ്പെടുത്തിയത്. യു.സി.എല്‍ ചരിത്രത്തിലെ ഏറ്റവും ഡോമിനേറ്റിങ് വിക്ടറികളിലൊന്നില്‍ ഇന്റര്‍ മിലാനെ തകര്‍ത്ത് പി.എസ്.ജി യു.സി.എല്‍ കിരീടമണിഞ്ഞു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി. Photo: PSG/x.com
ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സിക്കെതിരെ കിരീടം നേടാന്‍ സാധിക്കാതെ പോയതോടെ ഐക്കോണിക് സെക്‌സ്റ്റപ്പിള്‍ എന്ന നേട്ടം പി.എസ്.ജിയുടെ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്‍മാര്‍ പി.എസ്.ജിയെ തകര്‍ത്തത്.
ക്ലബ്ബ് ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു യൂറോപ്യന്‍ കിരീടം സ്വന്തമാക്കി പി.എസ്.ജി വീണ്ടും യൂറോപ്പിന്റെ നെറുകയിലെത്തി. യുവേഫ യൂറോപ്പ ലീഗ് നേടിയെത്തിയ ടോട്ടന്‍ഹാം ഹോട്സ്പറായിരുന്നു എതിരാളികള്‍. നിശ്ചിത സമയത്ത് രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് പി.എസ്.ജി കിരീടം സ്വന്തമാക്കിയത്.
യുവേഫ യൂറോപ്പ ലീഗ് കിരീടവുമായി. Photo: PSG/x.com
ഇപ്പോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും നേടിയാണ് പി.എസ്.ജി ഈ വര്‍ഷത്തെ ആറാം കിരീടം തങ്ങളുടെ പേരില്‍ കുറിച്ചത്.
2009ലാണ് ആദ്യമായി ഒരു ടീം സീസണില്‍ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയ്ക്ക് ശിക്ഷണത്തില്‍ ബാഴ്സലോണയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്.
മിറാക്കിള്‍ ഓഫ് 2009; സെക്സ്റ്റപ്പിളുമായി ബാഴ്‌സ. Photo: 433/x.com
ലാലിഗ, കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ ഡ എസ്പാന, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലപ്പ് വേള്‍ഡ് കപ്പ് എന്നിവ നേടിയാണ് ബാഴ്സ സെക്സറ്റപ്പിള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷ ടീമായി മാറിയത്.
11 വര്‍ഷത്തിനിപ്പുറം 2020ല്‍ നിലവിലെ ബാഴ്സ പരിശീലകനും മുന്‍ ജര്‍മന്‍ ദേശീയ ടീം പരിശീലകനുമായ ഹാന്‍സി ഫ്ളിക്കിനൊപ്പം ബയേണ്‍ മ്യൂണിക്കും ഈ നേട്ടം കൈവരിച്ചു.
ഹാന്‍സി ഫ്‌ളിക്കിന്റെ ബയേണ്‍. Photo: 433/x.com
ബുണ്ടസ് ലീഗ, ഡി.എഫ്.ബി പോക്ല് (ജര്‍മന്‍ കപ്പ്), യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ് (ജര്‍മന്‍ സൂപ്പര്‍ കപ്പ്), ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയാണ് ബയേണും ചരിത്രമെഴുതിയത്.