യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍. രണ്ടാം പാദ സെമി ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് പി.എസ്.ജി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പാദ മത്സരത്തില്‍ 5-4 എന്ന ത്രില്ലര്‍ സ്‌കോറിന് വിജയം സ്വന്തമാക്കിയ പാരീസ് 6-5 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് കലാശപോരാട്ടത്തിലേക്ക് മുന്നേറിയത്.
ഈ വിജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലിലെത്തുന്ന ഫ്രഞ്ച് ക്ലബ്ബായി മാറാനും പാരീസിന് സാധിച്ചു. ഇത് മൂന്നാം തവണയാണ് പി.എസ്.ജി ഫൈനലിലേക്ക് മുന്നേറുന്നത്. രണ്ട് തവണ ഫൈനല്‍ കളിച്ച മാര്‍സെയില്‍, റീംസ് എന്നീ ടീമുകളെ മറികടന്നാണ് പി.എസ്.ജി ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബ് കൂടിയാണ് പാരീസ്.
2020ലായിരുന്നു പി.എസ്.ജി ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. എന്നാല്‍ ആ സീസണില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് പാരീസിന് കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ തവണയാണ് പി.എസ്.ജി രണ്ടാം ഫൈനല്‍ കളിക്കാനെത്തിയത്.
രണ്ടാം ഫൈനലില്‍ ചരിത്രത്തിലെ ആദ്യ യു.സി.എല്‍ കിരീടവും പി.എസ്.ജി സ്വന്തമാക്കി. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെ കീഴടക്കിയാണ് ലൂയിസ് എന്റിക്വയുടെ കീഴില്‍ ഫ്രഞ്ച് പട കിരീടം ഉയര്‍ത്തിയത്. ഈ സീസണില്‍ പി.എസ്.ജി കിരീടം നിലനിര്‍ത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
മത്സരത്തില്‍ പി.എസ്.ജിക്കായി ഗോള്‍ നേടിയ ഒസ്മാനെ ഡെംമ്പലെയാണ്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ താരം ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളിന്റെ പിന്‍ബലത്തില്‍ പാരീസ് അവസാന നിമിഷം വരെ ബയേണ്‍ മ്യൂണിക്കിനെതിരെ ആധിപധ്യം തുടര്‍ന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബയേണ്‍ സമനില ഗോള്‍ നേടിയത്. ഇംഗ്ലണ്ട് താരം ഹാരി കെയ്നാണ് ജര്‍മന്‍ ക്ലബ്ബിനായി ലക്ഷ്യം കണ്ടത്. മത്സരം സമനിലയായെങ്കിലും ആദ്യ പാദത്തിലെ ഒറ്റ ഗോളിന്റെ ആധിപത്യത്തില്‍ പി.എസ്.ജി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ആഴ്‌സണലാണ് പി.എസ്.ജിയുടെ എതിരാളികള്‍. മെയ് 30ന് ഹംഗറിയിലെ പുസ്‌കസ് അരീനയിലാണ് ഫൈനല്‍ പോരാട്ടം. സ്പാനിഷ് ക്ലബ്ബ് അത്‌ലെറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ഗണ്ണേഴ്‌സ് ഫൈനലിലേക്ക് കുതിച്ചത്. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ വിജയിച്ചുകയറിയാണ് ആഴ്‌സണല്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്.
നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഗണ്ണേഴ്‌സ് യു.സി.എല്‍ ഫൈനലിന് യോഗ്യത നേടുന്നത്. ഇത് രണ്ടാം തവണയാണ് ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടത്തിലേക്ക് മുന്നേറുന്നത്. 2006ലാണ് ആഴ്‌സണല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് ബാഴ്സലോണയോട് പരാജയപ്പെട്ട് ഗണ്ണേഴ്സിന് കിരീടം നഷ്ടമാവുകയിരുന്നു. ചരിത്രത്തിലെ ആദ്യ യു.സി.എല്‍ കിരീടം സ്വന്തമാക്കാന്‍ പീരങ്കിപ്പടയും കഴിഞ്ഞ തവണ സ്വന്തമാക്കിയ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ പി.എസ്.ജിയും കളത്തിലിറങ്ങുമ്പോള്‍ ഫൈനല്‍ തീപാറുമെന്നുറപ്പാണ്.
Content Highlight: PSG Qualified 2026 UEFA Champions League Final