ഗോളടിക്കാതെ ചരിത്രത്തിലേക്ക്; പാരീസിന്റെ വന്മതില്‍ ഇനി ബ്രസീലിയന്‍ ഇതിഹാസത്തിനൊപ്പം
Football
ഗോളടിക്കാതെ ചരിത്രത്തിലേക്ക്; പാരീസിന്റെ വന്മതില്‍ ഇനി ബ്രസീലിയന്‍ ഇതിഹാസത്തിനൊപ്പം
Sudev A
Wednesday, 29th April 2026, 2:16 pm

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. പാരീസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 5-4 എന്ന ത്രില്ലര്‍ സ്‌കോറിനാണ് ജര്‍മന്‍ വമ്പന്മാരെ പി.എസ്.ജി വീഴ്ത്തിയത്.

മത്സരത്തില്‍ പുതിയൊരു നാഴികക്കല്ലാണ് പി.എസ്.ജിയുടെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ മാർക്വീഞ്ഞോസ് കൈപ്പിടിയിലാക്കിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ബ്രസീലിയന്‍ താരമായാണ് മാർക്വീഞ്ഞോസ് പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ താരത്തിന്റെ 120ാം മത്സരമായിരുന്നു താരത്തിന്റേത്.

നിലവില്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിനൊപ്പമാണ് ഈ നേട്ടത്തില്‍ മാർക്വീഞ്ഞോസ്. റോബര്‍ട്ടോ കാര്‍ലോസ് റയല്‍ മാഡ്രിഡിന് വേണ്ടിയാണ് തന്റെ കരിയറിലെ പകുതിയോളം സമയവും ചെലവഴിച്ചിട്ടുള്ളത്. 1996 മുതല്‍ 2006 വരെയാണ് കാര്‍ലോസ് ലോസ് ബ്ലാങ്കോസിനായി കളിച്ചത്. ഇന്റര്‍ മിലാന്‍, പാല്‍മിറാസ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കാര്‍ലോസ് ബൂട്ട് കെട്ടിയിട്ടുണ്ട്.

2013ല്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ.എസ് റോമയില്‍ നിന്നുമാണ് മാർക്വീഞ്ഞോസ് പാരീസിലെത്തുന്നത്. നീണ്ട 13 വര്‍ഷത്തോളം പി.എസ്.ജിയുടെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരം ഇപ്പോള്‍ ക്ലബിനൊപ്പം പുതിയ നാഴികക്കല്ലും സ്വന്തമാക്കി മുന്നേറുകയാണ്.

അതേസമയം മത്സരം തുടങ്ങി 17ാം മിനിറ്റില്‍ തന്നെ ഹാരി കെയ്‌നിന്റെ ഗോളിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. മത്സരത്തില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഇംഗ്ലണ്ട് താരം ബയേണിന് ലീഡ് നല്‍കിയത്. എന്നാല്‍ 24ാം മിനിറ്റില്‍ ഖ്വിച ക്വരാറ്റ്സ്ഖേലിയയും 33ാം മിനിറ്റില്‍ ജാവോ നെവാസും പി.എസ്.ജിക്കായി ഗോളുകള്‍ നേടി. 41ാം മിനിറ്റില്‍ മൈക്കല്‍ ഒലീസിലൂടെ ബയേണ്‍ സമനില പിടിച്ചു.

എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഉസ്മാന്‍ ഡെംമ്പലെയിലൂടെ പി.എസ്.ജി വീണ്ടും മുന്നിട്ടുനിന്നു. പെനാല്‍റ്റിയിലൂടെയാണ് ഡെംമ്പലെ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-2 എന്ന ആവേശ സ്‌കോര്‍ലൈനില്‍ ഫ്രഞ്ച് വമ്പന്മാര്‍ ആധിപത്യം ഉറപ്പാക്കി.

രണ്ടാം പകുതിയില്‍ ഖ്വിച ക്വരാറ്റ്സ്ഖേലിയും ഡെംമ്പലെയും തങ്ങളുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ദയോട്ട് ഉപമെകാനോയും ലൂയിസ് ഡയസും ബയേണ്‍ മ്യൂണിക്കിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പാരീസ് ആവേശ വിജയം സ്വന്തമാക്കുകയായിരുന്നു.

മെയ് ഏഴിനാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയിലാണ് മത്സരം.

Content Highlight: PSG Player Marquinhos Create a milestone in UEFA Championships

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.