ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ മഴ; പാരീസിന്റെ കുതിപ്പില്‍ ബയേണിനൊപ്പം ഗ്വാര്‍ഡിയോളയും വീണു
Football
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ മഴ; പാരീസിന്റെ കുതിപ്പില്‍ ബയേണിനൊപ്പം ഗ്വാര്‍ഡിയോളയും വീണു
Sudev A
Wednesday, 29th April 2026, 7:24 am

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് ആവേശകരമായ വിജയം. പാരീസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 5-4 എന്ന ത്രില്ലര്‍ സ്‌കോറിനാണ് പി.എസ്.ജിയുടെ ജയം.

ഈ വിജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന പരിശീലകനാവാന്‍ പാരീസിന്റെ ലൂയിസ് എന്റിക്വക്ക് സാധിച്ചു. 77 മത്സരങ്ങളില്‍ നിന്നുമാണ് എന്റിക്വ് ഈ നേട്ടത്തിലെത്തിയത്. 80 മത്സരങ്ങളില്‍ നിന്നുമായി ഈ നേട്ടം കൈവരിച്ച ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ മറികടന്നാണ് പി.എസ്.ജി പരിശീലകന്റെ കുതിപ്പ്.

മത്സരത്തില്‍ 4-3-3 എന്ന ശൈലിയിലാണ് പാരീസ് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബയേണ്‍ അണിനിരന്നത്. മത്സരം തുടങ്ങി 17ാം മിനിറ്റില്‍ തന്നെ ഹാരി കെയ്നിന്റെ ഗോളിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. മത്സരത്തില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഇംഗ്ലണ്ട് താരം ബയേണിന് ലീഡ് നല്‍കിയത്. എന്നാല്‍ 24ാം മിനിറ്റില്‍ ഖ്വിച ക്വരാറ്റ്‌സ്‌ഖേലിയയും 33ാം മിനിറ്റില്‍ ജാവോ നെവാസും പി.എസ്.ജിക്കായി ഗോളുകള്‍ നേടി. 41ാം മിനിറ്റില്‍ മൈക്കല്‍ ഒലീസിലൂടെ ബയേണ്‍ സമനില പിടിച്ചു.

എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഉസ്മാന്‍ ഡെംമ്പലെയിലൂടെ പി.എസ്.ജി വീണ്ടും മുന്നിട്ടുനിന്നു. പെനാല്‍റ്റിയിലൂടെയാണ് ഡെംമ്പലെ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-2 എന്ന ആവേശ സ്‌കോര്‍ലൈനില്‍ ഫ്രഞ്ച് വമ്പന്മാര്‍ ആധിപത്യം ഉറപ്പാക്കി. രണ്ടാം പകുതിയില്‍ ഖ്വിച ക്വരാറ്റ്‌സ്‌ഖേലിയും ഡെമ്പലെയും തങ്ങളുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ദയോട്ട് ഉപമെകാനോയും ലൂയിസ് ഡയസും ബയേണ്‍ മ്യൂണിക്കിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയെങ്കിലും ഒറ്റ ഗോളിന്റെ ആധിപത്യത്തില്‍ പാരീസ് വിജയിച്ചു കയറുകയായിരുന്നു.

മത്സരത്തില്‍ ബോള്‍ പൊസഷനില്‍ ബയേണ്‍ മ്യൂണിക് ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. 54 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ ബയേണ്‍ 10 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് 14 ഷോട്ടുകളില്‍ നിന്നും ആറ് ഷോട്ടുകളാണ് പി.എസ്.ജി ലക്ഷ്യത്തിലെത്തിച്ചത്.

മെയ് ഏഴിനാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയിലാണ് മത്സരം. സ്വന്തം ആരാധകരുടെ മുന്നില്‍ ബയേണ്‍ തിരിച്ചുവരുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: PSG Beat Bayern Munich in UEFA Champions League Semi Final

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.