റയലുമായി ഒന്നേറ്റുമുട്ടിയതാണ് സൈക്കോളജിക്കലി തകര്‍ന്നുപോയി !
Football
റയലുമായി ഒന്നേറ്റുമുട്ടിയതാണ് സൈക്കോളജിക്കലി തകര്‍ന്നുപോയി !
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th July 2022, 7:50 pm

 

എല്ലാ വര്‍ഷവും ഒരുപാട് പ്രതീക്ഷകളുമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ വരുന്ന ടീമാണ് പി.എസ്.ജി. ലീഗ് വണ്ണില്‍ ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമിന് പക്ഷെ ചാമ്പ്യന്‍സ് ലീഗ് ഒരു സ്വപ്‌നമായി തന്നെ തുടരുകയാണ്. ടീമില്‍ ഒരുപാട് സൂപ്പര്‍താരങ്ങളെ കൊണ്ടുവന്നിട്ടും പി.എസ്.ജിക്ക് യു.സി.എല്‍ നേടാനുള്ള ഭാഗ്യമില്ല.

കഴിഞ്ഞ സീസണില്‍ പ്രിക്വാര്‍ട്ടറില്‍ റയലിനോട് തോറ്റ് പുറത്താകുകയായിരുന്നു പി.എസ്.ജി. റയല്‍ മാഡ്രിഡിനോടു വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ഓര്‍മ്മകള്‍ മറക്കാനും ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗടക്കം സാധ്യമായ കിരീടങ്ങള്‍ നേടാനുള്ള ആത്മവിശ്വാസം നല്‍കാനും പി.എസ്.ജി മനഃശാസ്ത്രജ്ഞനെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യപാദത്തില്‍ ഒരു ഗോളിന് വിജയിച്ച പി.എസ്.ജി രണ്ടാം പാദത്തിന്റെ ഭൂരിഭാഗം സമയത്തും മുന്നിലായിരുന്നു എങ്കിലും അതിന് ശേഷം റയലിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

റയല്‍ മാഡ്രിഡിനോടേറ്റ തോല്‍വി പി.എസ്.ജി താരങ്ങളെ വളരെ ബാധിച്ചിരുന്നു. നിരവധി താരങ്ങള്‍ അതിന്റെ നിരാശ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. പുതിയ സീസണ്‍ വരാനിരിക്കെ ആ തോല്‍വിയുടെ നിരാശയെ മറികടന്ന് താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സ്‌പോര്‍ട്ടിങ് ഡയറക്റ്റര്‍ ലൂയിസ് കാംപോസിന്റെ നിര്‍ദേശപ്രകാരമാണ് മനഃശാസ്ത്രജ്ഞനെ നിയമിച്ചിരിക്കുന്നത്.

പി.എസ്.ജി ടീമിനെ അടിമുടി മാറ്റിയെടുക്കാന്‍ ലൂയിസ് കാമ്പോസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടീമിലേക്ക് പുതിയ മനഃശാസ്ത്രജ്ഞനെ പി.എസ്.ജി നിയമിച്ചിരിക്കുന്നത്. ഇതിനു പുറമെ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുകയും പുതിയ പരിശീലകനെ നിയമിക്കുകയും ചെയ്ത പി.എസ്.ജി വളരെ പ്രതീക്ഷയോടെയാണ് സീസണിനായി ഒരുങ്ങുന്നത്.

Content Highlights: Psg appointed Psychologist to overcome trauma caused by Real Madrid