'പി.എസ്.സി ലിസ്റ്റ് നീട്ടേണ്ടത് മാനുഷിക പരിഗണന; ഇടത് യുവജന സംഘടനകള്‍ സര്‍ക്കാരിനെ ന്യായീകരിക്കുക മാത്രമാണ്'; കെ.എസ് ശബരീനാഥന്‍
Kerala News
'പി.എസ്.സി ലിസ്റ്റ് നീട്ടേണ്ടത് മാനുഷിക പരിഗണന; ഇടത് യുവജന സംഘടനകള്‍ സര്‍ക്കാരിനെ ന്യായീകരിക്കുക മാത്രമാണ്'; കെ.എസ് ശബരീനാഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2020, 6:17 pm

പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി കൊണ്ടിരിക്കെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനെ ന്യായീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. ഇടത് യുവജന സംഘടനകള്‍ക്ക് യുവാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാനുള്ള ഊര്‍ജം പോലും ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

പ്രതികരണത്തിന്റെ പൂര്‍ണ രൂപം വായിക്കാം

പി.എസ്.സിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ നടക്കാത്തതുകൊണ്ടാണ് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ഉയരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പതിനൊന്ന് തവണ ലിസ്റ്റ് നീട്ടിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ചതിന്റെ പേരില്‍ മൂന്നാലു മാസമാണ് സിവില്‍ പൊലീസ് ഓഫീസറുടെ ലിസ്റ്റില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടക്കാതിരുന്നത്. ഇത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

കൊവിഡും ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായാണ് ബാധിച്ചത്. ഈ പ്രത്യേക സാഹചര്യം പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ ലിസ്റ്റ് നീട്ടേണ്ടത് അവര്‍ മാനുഷികമായി ചെയ്യേണ്ടതാണ്. അതിലൊരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം. അതൊരു നിലപാടാണ് എന്നൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ പറയുന്നത് ശരിയല്ല. എല്ലാ നിലപാടുകളും സാഹചര്യങ്ങളും മാറിയ സമയമാണ് ഇത്.

പി.എസ്.സിയില്‍ എത്ര പേര്‍ക്ക് നിയമനം കിട്ടി എന്നത് സംബന്ധിച്ച് സര്‍ക്കാരിന് പോലും വ്യക്തതയില്ല. ഏറെ വിവാദങ്ങളുണ്ടാക്കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ജോലി കിട്ടിയവരുടെ എണ്ണത്തില്‍ പോലും വ്യക്തതയില്ല. ഇതില്‍ മുഖ്യമന്ത്രി പറയുന്ന കാര്യമല്ല പി.എസ്.സി ചെയര്‍മാന്‍ പറയുന്നത്.

ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനെ ന്യായീകരിക്കുക മാത്രമാണ് പി.എസ്.സി വിഷയത്തില്‍ ചെയ്യുന്നത്. ഇതില്‍ കാര്യക്ഷമമായി ഇടപെടാനുള്ള ആര്‍ജവമൊന്നും ഇവര്‍ക്കില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എല്‍.ഡി.എഫിനെക്കാളും നിയമനങ്ങള്‍ നടന്നതെന്ന് പല തവണ തെളിയിച്ചതാണ്. സര്‍ക്കാര്‍ അഡൈ്വസ് മെമ്മോ അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയെന്ന് പറയുന്നത്. സ്വപ്‌ന സുരേഷടക്കമുള്ള വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ക്ക് രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ ജോലി കൊടുക്കുന്ന സ്ഥിതിയുണ്ടാക്കിയവരാണ് ഇവര്‍. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും അര്‍ഹരല്ലാത്തവരായി മാറിയിരിക്കുകയാണ് ഈ സര്‍ക്കാര്‍

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Psc Controversy ,K.S Sabarinathan mla Kerala PSC