അയ്യപ്പ ജ്യോതി: ബി.ഡി.ജി.എസ് പങ്കെടുക്കാത്തത് അവരോട് ചോദിക്കണം: പി.എസ് ശ്രീധരന്‍ പിള്ള
Kerala News
അയ്യപ്പ ജ്യോതി: ബി.ഡി.ജി.എസ് പങ്കെടുക്കാത്തത് അവരോട് ചോദിക്കണം: പി.എസ് ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 5:09 pm

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. അയ്യപ്പ ജ്യോതി രാഷ്ട്രീയ പരിപാടിയായിരുന്നില്ല. ബി.ജെ.പിയും അങ്ങോട്ടു പിന്തുണ അറിയിക്കുകയായിരുന്നെന്നും പിള്ള പറഞ്ഞു.

അയ്യപ്പജ്യോതി എന്‍.ഡി.എ ഔദ്യോഗികമായി തീരുമാനിച്ച പരിപാടിയല്ല. എന്‍.ഡി.എ ഘടകകക്ഷിയെന്ന നിലയില്‍ മുന്നണി കൂടിയാലോചിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ബി.ഡി.ജെ.എസ് പങ്കാളിയാവും. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തരകാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സംഘടനകളാണ്. അയ്യപ്പജ്യോതിക്ക് ബി.ജെ.പി അങ്ങോട്ട് പിന്തുണയറിയിച്ച് പോയതാണ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട നാല് ജില്ലകളില്‍ സി.പി.ഐ.എം തുടച്ചുനീക്കപ്പെട്ട പാര്‍ട്ടിയായെന്നും പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ കക്ഷികളില്‍ നിന്നായി 18600 പേര്‍ ബി.ജെ.പിയിലെത്തിയെന്നും കെ.പി.സി.സി എക്‌സിക്യൂട്ടീവംഗങ്ങളായിരുന്ന മൂന്ന് പേരും ഇതിലുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.