കാക്ക കുളിച്ചാല്‍ കൊക്കാകില്ല ; ആര്‍.എസ്.എസ് മാതൃകയില്‍ സംഘടന സംവിധാനം ഒരുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പരിഹസിച്ച് ശ്രീധരന്‍പിള്ള
national news
കാക്ക കുളിച്ചാല്‍ കൊക്കാകില്ല ; ആര്‍.എസ്.എസ് മാതൃകയില്‍ സംഘടന സംവിധാനം ഒരുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പരിഹസിച്ച് ശ്രീധരന്‍പിള്ള
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 6:37 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അഴിച്ചുപണിയാനുള്ള തീരുമാനത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള.

കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നും കോണ്‍ഗ്രസ് ഗതികെട്ട് എടുത്ത തീരുമാനമാണിതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തമ്മിലടിച്ച് തകര്‍ന്ന പാര്‍ട്ടിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാനാകില്ലെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്നങ്ങളുമാണ് കോണ്‍ഗ്രസിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

ഈ മാസം മൂന്നിനു ദല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്ഷോപ്പിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുടെ ആശയവും ചരിത്രവും പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇതുവഴി കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പുതിയ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും. അവരാണ് പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുക.

അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തെരഞ്ഞെടുക്കുകയുള്ളൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരിക്കല്‍ പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ പ്രേരകുമാര്‍ എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും ചെന്ന് സംഘാടന്‍ സംവാദ് നടത്തണം. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണിത്.

സെപ്റ്റംബര്‍ അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന്‍ എ.ഐ.സി.സി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.