അഭിമാന നിമിഷം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
Kerala News
അഭിമാന നിമിഷം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 11:49 am

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുത്തു.

തുറമുഖത്തിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തിയത്. കമ്മീഷനിങ്ങിന് സാക്ഷിയാകാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് വിഴിഞ്ഞത്തേക്ക് എത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി നമ്മള്‍ ഇതും നേടിയെന്ന് വേദിയില്‍വെച്ച് പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് ഈ അഭിമാന നിമിഷം സംജാതമായതെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യം വേദിയുടെ പൊലിമ വര്‍ധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഒരു തുറമുഖം ഒരു സംസ്ഥാനത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അദാനി പോര്‍ട്ട് നല്ല സഹകരണം നല്‍കി. 8,686 കോടിയില്‍ 5,370.86 കോടി സംസ്ഥാന സര്‍ക്കാരാണ് ചെലവഴിച്ചത്. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണ്‌ നല്‍കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നല്‍കുന്നു. വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാകുന്നതോടെ രാഷ്ട്രത്തിന്റെ നഷ്ടമായ 220 ദശലക്ഷം ഡോളര്‍ നികത്താന്‍ കഴിയുന്നത് കേരളീയര്‍ക്ക് മുഴുവന്‍ അഭിമാനകരമാണ്.

കരാര്‍ പ്രകാരം 2045ലാണ് പൂര്‍ത്തിയാക്കേണ്ടത്‌. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപ്പറേഷനാരംഭിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2028 ല്‍ തുറമുഖത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയം, മറ്റ് പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍ പ്രതികൂല ഘടകങ്ങളായെങ്കിലും കേരളത്തിന് പദ്ധതി പൂര്‍ത്തീകരിക്കാനായി.

1996ലെ എല്‍.ഡി.എഫ് ഗവര്‍ണമെന്റ് രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവുന്നത്. എന്നാല്‍ ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. 2009 ല്‍ പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. തുടര്‍ന്നങ്ങോട്ട് മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങള്‍ പദ്ധതിക്കായി സംഘടിപ്പിച്ചു.

2015ല്‍ ഒരു കരാറുണ്ടായെങ്കിലും പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാക്കണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. 2016 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തു. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയില്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.

120 കോടി നല്‍കി തീരദേശവാസികളുടെ പ്രശ്‌നങ്ങല്‍ പരിഹരിച്ചു. അവരില് പലര്‍ക്കും തുറമുഖത്ത് ജോലി നല്‍കി. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Content Highlight: Proud moment; Prime Minister dedicates Vizhinjam Port to the nation