എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ജനതയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’; പുറത്തു പോകാന്‍ ആക്രോശിക്കുന്ന സ്പാനിഷ് ആരാധകരുടെ പ്രതിഷേധത്തിനിടയിലും കറ്റാലന്‍ ജനതയ്‌ക്കൊപ്പമെന്ന് പിക്വെ
എഡിറ്റര്‍
Tuesday 3rd October 2017 11:31am


ബാഴ്‌സലോണ: ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ വമ്പന്മാരായ ബാഴ്‌സലോണയുടെ ജെറാര്‍ഡ് പിക്വെയുടെ കലങ്ങിയ കണ്ണുകളും ഒഴിഞ്ഞ ക്യാമ്പ് നൗ സ്റ്റേഡിയയവും കാറ്റലോണിയന്‍ ജനതയുടെ പോരാട്ടത്തിന്റെ നേര്‍ക്കാഴ്ച്ചകളായി മാറുകയാണ്.

വിമതരുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനയ്ക്കിടെ സ്പാനിഷ് സര്‍ക്കാരിന്റെ പൊലീസിന്റെ മര്‍ദ്ദനമേറ്റ് 844 പേര്‍ക്ക് പരിക്കേല്‍ക്കുകയും 92 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കറ്റാലന്‍ പ്രാദേശിക ഭരണകൂടമാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

കാറ്റലോണിയന്‍ ജനതയുടെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള ഹിത പരിശോധനയില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു പിക്വെ. മാഡ്രിഡ് തള്ളിയ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തും മുമ്പു തന്നെ തന്റെ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് പിക്വെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

‘ കാറ്റലോണിയയേയും അവിടുത്തെ ജനങ്ങളേയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.’ ലാസ് പാല്‍മാസിനെതിരെ 3-0 ന്റെ വിജയത്തിന് ശേഷം നിറ കണ്ണുകളോടെയാണ് പിക്വെ ഇത് പറഞ്ഞത്. തെരുവില്‍ തന്റെ ജനത പൊരുതുമ്പോള്‍ ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി കളി ജയിച്ചതിന് ശേഷമായിരുന്നു പിക്വെയുടെ വാക്കുകള്‍. ബാഴ്‌സലോണയുടെയും പിക്വെയുടേയും ജീവിതത്തിലെ അസാധാരണമായ ദിനമായിരുന്നു അത്.

‘എത്ര എരികേറ്റിയിട്ടും, കെണിയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടും അവര്‍ പ്രകോപിതരായില്ല, സമാധാനപൂര്‍വ്വം സമരം നയിച്ച അവര്‍ തങ്ങളുടെ ആവശ്യം ഉച്ചത്തില്‍ വ്യക്തമായി തന്നെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.’ മത്സരത്തിന്റെ അര മണിക്കൂര്‍ മുമ്പ് വരെ ആരാധകരാല്‍ നിറഞ്ഞിരുന്നു ക്യാമ്പ് നൗവിന്റെ കവാടം. കൊട്ടിയടച്ച ഗ്യാലറിയ്ക്കകത്തായിരിക്കും കളിയെന്ന് അറിഞ്ഞതോടെ പക്വതയോടെ പെരുമാറിയ അവര്‍ ശാന്തരായാണ് മടങ്ങിയതെന്നും പിക്വെ പറയുന്നു.

‘ ഞാനായിരുന്നെങ്കില്‍ കളിക്കില്ലായിരുന്നു.’ എന്നായിരുന്നു ബാഴ്‌സയുടെ എക്കാലത്തേയും മികച്ച പരിശീലകരിലൊരാളായ പെപ്പ് ഗാര്‍ഡിയോള അസാധാരണമായ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മോശം അനുഭവമായാണ് പിക്വെ സംഭവത്തെ വിശേഷിപ്പിച്ചത്.


Also Read:  ‘ഞങ്ങള്‍ കളത്തിലിറങ്ങും; തട്ടമിട്ടുകൊണ്ടുതന്നെ’: മതമൗലികവാദികളുടെ ഭീഷണി വകവെക്കാതെ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി കശ്മീരി പെണ്‍കുട്ടികള്‍


മത്സരം മാറ്റിവെക്കാന്‍ ബാഴ്‌സലോണ ലാ ലീഗ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. മറി കടന്നാല്‍ ആറു പോയന്റ് നഷ്ടമാകുമെന്ന സാഹചര്യം വന്നതോടെയാണ് ടീം കളിക്കാന്‍ സമ്മതിച്ചത്. തീരുമാനം ക്ലബ്ബ് അധികൃതര്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. രണ്ട് പേര്‍ ബോര്‍ഡില്‍ നിന്നും ഇതേ തുടര്‍ന്ന് രാജിവെച്ചിട്ടുണ്ട്.

അടച്ചിട്ട ഗ്യാലറിയിലെ കളി തങ്ങളുടെ പ്രതിഷേധമായാണ് ക്ലബ്ബ് പ്രസിഡന്‍ര് ബാര്‍തമ്യൂ ചൂണ്ടിക്കാണിക്കുന്നത്. കറ്റാലന്‍ ജനതയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിലും ബാഴ്‌സ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം, അക്രമങ്ങള്‍ നിയന്ത്രിക്കാതെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്‌ക്കെതിരെ അന്താരഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്‌പെയിനിനെ നയിക്കാന്‍ മരിയാനോ ഒട്ടും യോഗ്യനല്ലെന്നാണ് പിക്വെ പറയുന്നത്.
പിക്വെയ്ക്ക് പിന്നാലെ ടെന്നീസ് ഇതിഹാസവും ലോക ഒന്നാം നമ്പറുമായ റാഫേല്‍ നദാലും കാറ്റലോണിയയിലെ സംഭവങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാറ്റലോണിയയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കണ്ട് തന്റെ ഹൃദയം തകര്‍ന്നെന്നാണ് നദാല്‍ പറഞ്ഞത്. നിലവില്‍ ചൈനീസ് ഓപ്പണ്‍ കളിക്കാനായി ബീജിംഗിലാണ് അദ്ദേഹമുള്ളത്. ഒരുമിച്ചിരുന്ന് വ്യക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമയം, വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പിക്വെ ര്ംഗത്തെത്തിയത് അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിനും വെല്ലുവിളിയാകും. 2010 ല്‍ ലോകകപ്പും 2012 ല്‍ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമിലെ നിര്‍ണ്ണായക താരമായിരുന്നിട്ടും പിക്വെയെ പലപ്പോഴും കൂവി വിളിച്ചാണ് സ്പാനിഷ് ജനത സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പരിശീലനത്തിനായി സ്‌പെയിനിലെത്തിയ പിക്വെയെ കൂവി വിളിക്കുക മാത്രമല്ല ദേശീയ ടീം വിടണമെന്ന് ആക്രോശിക്കുകയും ചെയ്തു. അതേസമയം, കാറ്റലോണിയ്‌ക്കൊപ്പം നില്‍ക്കാനുള്ള തന്റെ തീരുമാനം പ്രശ്‌നമായാല്‍ സ്‌പെയിന്‍ ഉപേക്ഷിക്കുമെന്നാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യ സമരം സ്പാനിഷ് ഫുട്‌ബോളിന്റേയും യൂറോപ്യന്‍ ഫുട്‌ബോളിന്റേയും ഗതി മാറ്റുകയാണ്.

Advertisement