sathasivam01[]ന്യൂദല്‍ഹി:ദല്‍ഹിയിലെത്തിയപ്പോള്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ കേരള ഹൗസ് റസിഡന്റ് കമ്മീഷണറെ  കേരള ഗവര്‍ണര്‍ പി.സദാശിവം വിളിപ്പിച്ചു. ഇന്നലെ ഗവര്‍ണര്‍ ദല്‍ഹിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ മാത്രമാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

റസിഡന്റ് കമ്മീഷണര്‍ സ്ഥലത്തില്ലെന്നും അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നും ആയിരുന്നു കേരള ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഗവര്‍ണറെ സ്വീകരിക്കാന്‍ കേരള ഹൗസിലും ആരും ഉണ്ടായിരുന്നില്ല. ഈ സംഭവത്തില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്‌. എന്നാല്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു ഗവര്‍ണര്‍ ദല്‍ഹിയിലെത്തിയിരുന്നത്. ഗവര്‍ണറായതിന് ശേഷം ആദ്യമായാണ് സദാശിവം ദല്‍ഹിയിലെത്തുന്നത്.