അഗ്നിപഥ് പ്രതിഷേധം ശക്തമാകുന്നു: രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കി
national news
അഗ്നിപഥ് പ്രതിഷേധം ശക്തമാകുന്നു: രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2022, 9:02 am

ന്യൂദല്‍ഹി: സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ 234 ട്രെയിനുകള്‍ രാജ്യത്ത് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 11 ട്രെയിനുകളെ പ്രതിഷേധം മുന്‍നിര്‍ത്തി വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മൂന്ന് ട്രെയിനുകളുടെ കോച്ചുകള്‍ക്കും പ്രതിഷേധത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തീയിടുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയ്ക്കാണ് പ്രക്ഷോഭത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസം അഗ്നിപഥ് പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് വെടിവെപ്പ് നടന്നത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിഷേധം അക്രമത്തിലേക്ക് വഴി വെച്ചതോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തെലങ്കാന പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

ബിഹാറില്‍ മാത്രം ഇന്നലെ 10 ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളും, സൈനികരും വിഷയത്തില്‍ അതൃപ്തിയറിയിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Content Highlight: Protests over agneepath scheme getting worse, 234 trains cancelled so far