ശ്രീനഗര്‍: ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി പുനസ്ഥാപിച്ചു നല്‍കുമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി.
ശ്രീനഗറിലെ ദാച്ചിഗാമില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാന പ്രമേയമെന്ന് അദ്ദേഹം വ്യക്തമാക്കി.
2019 ഓഗസ്റ്റില്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി, അതിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.
തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് രണ്ട് വര്‍ഷത്തോടടുത്തിട്ടും കേന്ദ്രം ഈ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാന പദവി വൈകുന്നത് മേഖലയിലെ വികസനത്തെയും തൊഴിലവസരങ്ങളെയും മോശമായി ബാധിച്ചതായി സുരീന്ദര്‍ ചൗധരി ചൂണ്ടിക്കാട്ടി.
ഒരു പൂര്‍ണ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ടുകളോ ആനുകൂല്യങ്ങളോ നിലവില്‍ ജമ്മു കശ്മീരിന് ലഭിക്കുന്നില്ല. ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള തയ്യാറാക്കിയ രാഷ്ട്രീയ റോഡ് മാപ്പിന്റെ ആദ്യ പടിയാണ് ദല്‍ഹിയിലെ ഈ പ്രതിഷേധം. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വേളയില്‍ ജന്തര്‍ മന്തറില്‍ സമരം സംഘടിപ്പിക്കാനാണ് നീക്കം. ഈ ആവശ്യത്തിനായി രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നാഷണല്‍ കോണ്‍ഫറന്‍സ് തേടും.
കശ്മീരിലെ ബി.ജെ.പി ഘടകത്തെയും ഈ സമരത്തിലേക്ക് ക്ഷണിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങളോടും തൊഴിലില്ലാത്ത യുവാക്കളോടും ബി.ജെ.പിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ കേന്ദ്രത്തിനെതിരെയുള്ള ഈ സമരത്തില്‍ പങ്കുചേരണമെന്നും, അതല്ലെങ്കില്‍ അവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ദോഡ, ഉദ്ധംപൂര്‍, ജമ്മു ജില്ലകളിലെ വിദൂര മേഖലകളില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി മൂന്ന് പ്രത്യേക മൊബൈല്‍ സര്‍വീസ് ട്രക്കുകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
കൂടാതെ, അടുത്തിടെ മതില്‍ തകര്‍ന്ന ചരിത്രപ്രസിദ്ധമായ മുബാറക് മണ്ഡിയിലെ ഗദാധര്‍ ക്ഷേത്രവും ഉപമുഖ്യമന്ത്രി സന്ദര്‍ശിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Content Highlight: Protests in Delhi if statehood is not restored: Jammu and Kashmir Deputy Chief Minister warns the Center