ഇന്ത്യ ഇസ്രഈൽ അല്ല, ഞങ്ങൾക്ക് ജീവിക്കണം; ജമ്മു കശ്മീരിൽ ഒഴിപ്പിക്കൽ നടപടിക്കെതിരെ തെരുവിലിറങ്ങി ജനങ്ങൾ
national news
ഇന്ത്യ ഇസ്രഈൽ അല്ല, ഞങ്ങൾക്ക് ജീവിക്കണം; ജമ്മു കശ്മീരിൽ ഒഴിപ്പിക്കൽ നടപടിക്കെതിരെ തെരുവിലിറങ്ങി ജനങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 7:12 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ ഒഴിപ്പിക്കൽ നടപടികൾക്കെതിരെ പ്രതിഷേധവുമായി അവാമി ആവാസ് പാർട്ടി. ലക്ഷക്കണക്കിന് ആളുകളാണ് പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളുമായി പ്രതിഷേധത്തിനെത്തിയത്.

ഇന്ത്യ ഇസ്രാഈൽ അല്ലെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും പ്രതിഷേധക്കാർ അധികാരികളോട് പറഞ്ഞു.

സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന നടപടി ലെഫ്റ്റനന്റ് ഗവർണർ ഉടൻ അവസാനിപ്പിക്കണമെന്ന് പാർട്ടി നേതാവ് നദീം അഹമ്മദ് പറഞ്ഞു.

‘മെഹ്ജൂർ നഗറിൽ കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നടപടികൾ നടന്നിരുന്നു. അത് ആരെയാണ് ബാധിച്ചത്? പണക്കാരനോ, സ്വാധീനമുള്ളവനോ ആയ ആർക്കെങ്കിലും നടപടിയിൽ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചോ? ഇല്ല. എല്ലാം നഷ്ടപ്പെട്ടത് സാധാരണക്കാരായ ജനങ്ങൾക്കാണ്. കുടിയൊഴിക്കപ്പെട്ടവരൊക്കെ പാവപ്പെട്ടവരാണ്, അവർ പരസ്പരം കൈകോർത്ത് ജീവിക്കുന്നവരാണ്,’ അദ്ദേഹം പറഞ്ഞു.

കുടിയൊഴിപ്പിക്കൽ നടപടികൾ സർക്കാർ പുനപരിശോധിക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ ശക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയല്ലേ കശ്മീർ? കശ്മീരികളെ പുറത്താക്കി നിങ്ങൾ മറ്റുള്ളവർക്ക് ഭൂമി നൽകുകയാണ്,’ നദീം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങളിൽ നിന്ന് സർക്കാർ ഭൂമി സംരക്ഷിക്കുക എന്ന ഉറപ്പിലാണ് സർക്കാർ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. സർക്കാരിലോ മറ്റും സ്വാധീനമുള്ളവർക്ക് നേരെയായിരിക്കും ഒഴിപ്പിക്കൽ നടപടിയുണ്ടാകുകയെന്നും കുറഞ്ഞ ഭൂമിയിൽ വീട് വെച്ച് താമസിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു അധികാരികൾ ആദ്യം അറിയിച്ചത്. ജനുവരി 31നുള്ളിൽ തന്നെ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിരുന്നു.

കശ്മീരിൽ നിലനിന്നിരുന്ന ലാൻഡ് ആക്ടായ റോഷ്‌നി ആക്ട് പിൻവലിച്ചതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനായിരുന്നു നീക്കം. റോഷ്‌നി ആക്ടിന് കീഴിൽ ഭൂമി നൽകുന്നത് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രത്തെ തകർക്കാനാണെന്നും ഇത് ലാൻഡ് ജിഹാദാണെന്നും കാണിച്ച് ഹിന്ദുത്വ സംഘങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്ട് പിൻവലിച്ചത്.

ഇതിനോടകം 15 ലക്ഷം ഏക്കർ ഭൂമി ഇതുവരെ സ്വന്തമാക്കിയതായി അധികാരികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏഴ് ലക്ഷം ഏക്കർ ഭൂമിയും കശ്മീരിലാണ്.

 

Content Highlight: Protests getting stronger in JK against encroachment, says India is not Israel