അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം
Albania
അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം
അനിത സി
Saturday, 21st February 2026, 6:45 pm

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം.

തലസ്ഥാന നഗരത്തില്‍ ടിറാനയില്‍ പ്രധാനമന്തിയുടെ ഓഫീസിന് സമീപം നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ അല്‍ബേനിയന്‍ ഉപപ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ബെലിന്‍ഡ ബല്ലുകുവിനെതിരെ അഴിമതി കേസില്‍ പ്രത്യേക പ്രോസിക്യൂഷന്‍ യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായത്.

നിരവധി തവണ തലസ്ഥാന നഗരിയിലടക്കം പ്രതിഷേധങ്ങള്‍ നടന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി എഡി റാമയുടെ അടുത്ത അനുയായിയായ ബെലിന്‍ഡയെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രി റാമയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷസമരങ്ങള്‍ ശക്തമായിരിക്കുന്നത്.

പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കല്ലെറിഞ്ഞു. പടക്കങ്ങളും കോക്ടെയിലുകളും വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷേധിച്ച 40ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. 30ഓളം പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

രാജ്യത്തെ അഴിമതിയിലേക്കും ദാരിദ്ര്യത്തിലേക്കും റാമ സര്‍ക്കാര്‍ തള്ളിവിട്ടെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് സാലി ബെരിഷ ആരോപിച്ചു. റാമ സര്‍ക്കാരിലെ നിരവധി മുന്‍മന്ത്രിമാരടക്കം അഴിമതി കേസുകളില്‍ പ്രതികളാണെന്നും പ്രതിപക്ഷം പറഞ്ഞു.

അതേസമയം, പ്രതിഷേധക്കാര്‍ നശീകരണത്തിനായാണ് ശ്രമിക്കുന്നതെന്നും പൊലീസിനെ ആക്രമിച്ചത് കുറ്റകൃത്യമാണെന്നും ആഭ്യന്തരമന്ത്രി അല്‍ബാന കോസിയു പ്രതികരിച്ചു.

2025ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയാണ് അല്‍ബേനിയയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്.

Content Highlight: Protests demand resignation of Albanian Prime Minister Edi Rama

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.