കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; മുന്നറിയിപ്പുമായി പൊലീസ്
Kerala News
കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; മുന്നറിയിപ്പുമായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 2:27 pm

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്.

സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കാര്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്.എച്ച്.ഒ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ചു.

സര്‍വകലാശാല കെട്ടിടങ്ങള്‍, പരീക്ഷാ ഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരു തരത്തിലുള്ള പ്രകടനങ്ങളോ സമരമോ, ധര്‍ണയോ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സര്‍വകലാശാലകളില്‍ സമരങ്ങള്‍ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് നിലവിലെ തീരുമാനം.

ഇത് സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ നിയന്ത്രണം ലംഘിച്ചുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സമരമോ പ്രതിഷേധ പ്രകടനങ്ങളോ സംഘടിപ്പിക്കുകയാണെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന തീരുമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി കടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസും വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

 

Content Highlight: Protests banned at Calicut University. The ban was imposed based on an earlier High Court order.