ലൈംഗികാതിക്രമം; പ്രൊഫസര്‍ക്കെതിരെ പ്രതിഷേധിച്ച പോണ്ടിച്ചേരി സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
India
ലൈംഗികാതിക്രമം; പ്രൊഫസര്‍ക്കെതിരെ പ്രതിഷേധിച്ച പോണ്ടിച്ചേരി സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 5:31 pm

പുതുച്ചേരി: ലൈംഗികാതിക്രമത്തില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.

ഇന്നലെ (വ്യാഴം) ക്യാമ്പസിനുള്ളില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതികരണം.

ക്യാമ്പസിലുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളില്‍ നീതി നടപ്പാക്കുന്നതില്‍ നിലവിലുള്ള ഐ.സി.സി പാനല്‍ പരാജയപ്പെട്ടുവെന്നും പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

നിലവില്‍ 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധിച്ചതിന്റെ പേരില്‍ പൊലീസ് ബലപ്രയോഗം നടത്തിയതായും എസ്.എഫ്.ഐ ആരോപിക്കുന്നു. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണാന്‍ പൊലീസ് വിദ്യാര്‍ത്ഥികളെ അനുവദിച്ചില്ലെന്നും എസ്.എഫ്.ഐ പറയുന്നു.


അതേസമയം കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥികളെ പുറത്തിറക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോണ്ടിച്ചേരി സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു. ലൈംഗിക ആരോപണങ്ങളില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മന്ത്രി ആര്‍. കമലകണ്ണന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ട്.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കാരക്കല്‍ ക്യാമ്പസിലെ സെന്റര്‍ ഹെഡ് ഡോ. സി. മാധവയ്യക്കെതിരെയാണ് ലൈംഗിക ആരോപണം. ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥിനിയെ മാധവയ്യ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നിരന്തരമായി നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.


ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിനിയുടെ രണ്ട് ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോയില്‍, തന്നെ അനുസരിച്ചില്ലെങ്കില്‍ മാധവയ്യ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

ക്യാമ്പസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയോട് സംസാരിക്കുന്നതിനിടെയാണ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

പ്രൊഫസറുടെ ഭീഷണി തന്റെ വിദ്യാഭ്യാസത്തെയും വിവാഹത്തെയും ബാധിക്കുമെന്നും വിദ്യാര്‍ത്ഥി പറയുന്നുണ്ട്. പ്രൊഫസര്‍ മാധവയ്യ രാത്രി പത്ത് മണിക്ക് ശേഷം വിളിച്ച് നിരന്തരം നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുമെന്നും ഇല്ലാത്തപക്ഷം പരീക്ഷ എഴുതാനോ പഠിക്കാനോ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി താന്‍ സമ്മര്‍ദത്തിലാണെന്നാണ് വിവരം. എന്നാല്‍ പ്രൊഫസര്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖകള്‍ പഴയതാണെന്ന് സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകരുടെ ഒരു സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Protests against Abuse by professors at Pondicherry University, SFI students in custody