കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് സമരക്കാർ; സ്ഥലത്ത് സംഘർഷം
Kerala
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് സമരക്കാർ; സ്ഥലത്ത് സംഘർഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 6:37 pm

കോഴിക്കോട്: താമരശ്ശേരിയിൽ കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുണ്ടെന്നാണ് വിവരം.

ഫാക്ടറി മാറ്റണമെന്നാവിശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകിയെതിനെ തുടർന്നാണ് പ്രതഷേധം നടക്കുന്നത്.

മലിനീകരണത്തിനായുള്ള സംവിധാനങ്ങൾ ഏത് നിലയിലാണെന്നതിനെപ്പറ്റി പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന നിബന്ധനയെ തുടർന്ന് ഒരുമാസമായി ഫാക്ടറി പൂർണമായും അടച്ചിട്ട നിലയിലായിരുന്നു.

തുടർന്ന് പഞ്ചായത്തിന് അപേക്ഷ നൽകി. എന്നാൽ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയില്ല. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഫാക്ടറി വീണ്ടും പുനരാരംഭിക്കാനുള്ള സാഹചര്യം ലഭിക്കുന്നത്.

ഫാക്ടറി വീണ്ടും ആരംഭിക്കാൻ തുടങ്ങിയാൽ പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആദ്യഘട്ടം തന്നെ നാട്ടുകാർ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്കരണ ഫാക്ടറി എന്ന നിലയിലാണ് 2019 ൽ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയിൽ ആരംഭിക്കുന്നത്. ജില്ലയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഫാക്ടറിയിൽ വെച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്.

ഒരു തരത്തിലുമുള്ള ദുർഗന്ധമോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പുനൽകിയതിന് ശേഷമാണ് ഫാക്ടറി പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ ആരംഭഘട്ടം തന്നെ വലിയ രീതിയിലുള്ള ദുർഗന്ധം വമിക്കുകയും സമീപത്തെ തോടുകളിലും പുഴയിലുമെല്ലാം മാലിന്യം നിറയുന്ന സ്ഥിതിയാണുണ്ടായത്.

Content Highlight: Protesters set fire to fresh cut factory in Kattippara; clashes erupt at the scene